ബാഴ്‌സലോണ: അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വലംകൈയും സുഹൃത്തുമായ ലൂയി സുവാരസ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തട്ടകമായ യുവന്‍റസിലേക്ക്. കൂടുമാറ്റം അവസാന ഘട്ടത്തിലാണെന്ന് അന്താരാഷ്‌ട്ര കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സമ്മര്‍ ട്രാന്‍സ്‌ഫര്‍ ജാലകം ഒമ്പതാം ആഴ്‌ചയിലേക്ക് കടക്കുമ്പോള്‍ സുവാരസ് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസിന്‍റെ പാളയത്തിലേക്ക് എത്താന്‍ സാധ്യത കൂടുതലാണ്.
ഇവാന്‍ റാക്കിറ്റിക്ക് സെവിയ്യയിലേക്ക് പോയതിന് സമാനമായ നീക്കമാകും സുവാരസിന്‍റെ കാര്യത്തിലും ഉണ്ടാവുക. ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍റെ പദ്ധതികളില്‍ ഇടം ലഭിക്കാതെ വന്നതോടെയാണ് സുവാരസ് പുതിയ സാധ്യതകള്‍ തേടുന്നത്. ക്രിസ്റ്റ്യാനോക്ക് ഒപ്പം ഇറ്റാലിയന്‍ വമ്പന്‍മാരുടെ തട്ടകത്തില്‍ ഇനിയുമൊരു ബാല്യം ബാക്കിയുണ്ടെന്ന കണക്ക് കൂട്ടലിലാണ് യുറുഗ്വന്‍ താരം.