കോപ്പാ ദെൽറേയിൽ റയൽ മാഡ്രിഡിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ബാർസലോണ ഫൈനലിൽ. സാന്‍റിയാഗോ ബെർണാബ്യൂവിൽ നടന്ന രണ്ടാംപാദ സെമിയിൽ റയലിനെ 3-0 തോൽപ്പിച്ചാണ് ബാർസ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്.
ആദ്യ പാദത്തിൽ ബാഴ്‌സലോണയുടെ ഗ്രൗണ്ടിൽ 1-1ന് സമനില പിടിച്ചതിന് ശേഷമാണ് രണ്ടാംപാദത്തിൽ റയൽ തകർന്നടിഞ്ഞത്. രണ്ടു പാദത്തിലും കൂടി 4-1 ന്‍റെ വിജയമാണ് കാറ്റാലൻ ക്ലബ്ബ് സ്വന്തമാക്കിയത്.
ആദ്യ പകുതിയിൽ റയൽ മികച്ച രീതിയിൽ കളിച്ചെങ്കിലും ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതിരുന്നത് തിരിച്ചടിയായി. വിനീഷ്യസ് ജൂനിയറിനും ബെൻസെമക്കും ലഭിച്ച സുവർണാവസരങ്ങൾ ഇരുവരും പാഴാക്കുകയായിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 50-ാം മിനിറ്റിൽ ലൂയിസ് സുവാരസിലൂടെ ബാഴ്‌സലോണ മുന്നിലെത്തി. തുടർന്ന് സമനില ഗോളിനായി റയൽ മാഡ്രിഡ് ശ്രമിച്ചെങ്കിലും 69-ാം മിനിറ്റിൽ വരാനെയുടെ സെൽഫ് ഗോളിൽ റയൽ മാഡ്രിഡ് വീണ്ടും പിന്നിലായി. രണ്ടാമത്തെ ഗോൾ വീണതോടെ ലോസ് ബാൽക്കൺസ് തളർന്നു. പിന്നീട് സുവാരസിനെ പെനാൽറ്റി ബോക്സിൽ കസെമിറോ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി സുവാരസ് ബാഴ്സയുടെ ജയം ഉറപ്പിച്ചു.
സ്വന്തം ഗ്രൗണ്ടിൽ കളിച്ചതിന്‍റെ ഒരു ആധിപത്യവും മുതലെടുക്കാൻ സൊളാരിയുടെ ടീമിനായില്ല. ഗാരത് ബെയിലിന്‍റെ അഭാവവും റയലിന് തിരിച്ചടിയായി. ഈ സീസണിൽ മോശം പ്രകടനം കാഴ്ച്ചവെക്കുന്ന റയലിന്‍റെ കിരീട സാധ്യതകളെല്ലാം ഇതോടെ മങ്ങി. ചാമ്പ്യൻസ് ലീഗിൽ നിലവിലെ ഫോമിൽ കളിച്ചാൽ അവിടെയും കിരീട നേട്ടത്തിന് ടീമിന് സാധ്യതയില്ല.
വലൻസിയ-റയൽ ബെറ്റിസ് മത്സരത്തിലെ വിജയികളാണ് ഫൈനലിൽ ബാഴ്‌സലോണ നേരിടുക. തുടർച്ചയായ അഞ്ചാം കോപ്പാ ദെൽറേ കിരീടമാണ് കാറ്റാലൻ ടീം ലക്ഷ്യമിടുന്നത്.