ടൂറിന്‍: യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളിലെ രാജാക്കന്‍മാരെ കണ്ടെത്തുന്ന ചാമ്പ്യന്‍സ് ലീഗ് വേദിയില്‍ ചരിത്രം സൃഷ്‌ടിച്ച് സ്റ്റെഫാനി ഫ്രേപര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പുലര്‍ച്ചെ നടന്ന യുവന്‍റസ് - ഡൈനാമൊ കിവ് മത്സരം നിയന്ത്രിച്ചത് ഫ്രാന്‍സില്‍ നിന്നുള്ള വനിതാ റഫറിയായ ഫ്രേപര്‍ട്ടായിരുന്നു. മത്സരം മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യുവന്‍റസ് സ്വന്തമാക്കി. 750 ഗോളുകള്‍ തികച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചാമ്പ്യന്‍സ് ലീഗിലെ ആദ്യ വനിതാ റഫറിയായി ഫ്രേപര്‍ട്ടും ചരിത്രത്തിന്‍റെ ഭാഗമായി.
സൂപ്പര്‍താരങ്ങള്‍ അടക്കി വാഴുന്ന ചാമ്പ്യന്‍സ് ലീഗ് വേദിയില്‍ ആദ്യമായാണ് ഒരു വനിതാ റഫറി കളി നിയന്ത്രിക്കുന്നത്. 2009 മുതല്‍ ഫിഫ അന്താരാഷ്ട്ര റഫറിമാരുടെ പട്ടികയില്‍ ഇടം പിടിച്ച ഫ്രേപര്‍ട്ട് ഇതിനോടകം വനിത ലോകകപ്പ് അടക്കം നിയന്ത്രിച്ചിട്ടുണ്ട്. യുവേഫക്ക് വേണ്ടി സൂപ്പര്‍ കപ്പില്‍ റഫറിയായി ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിന്‍റെ പ്രശംസയും സ്വന്തമാക്കി.