ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി ആഴ്സണൽ. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാമെന്ന പ്രതീക്ഷയിലിറങ്ങിയ ഗണ്ണേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വോൾവ്സ് പരാജയപ്പെടുത്തിയത്.
പ്രീമിയർ ലീഗിൽ കാലിടറി ആഴ്സണൽ - വോൾവ്സ്
ജയത്തോടെ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തെത്താമെന്ന ആഴ്സണലിന്‍റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.

കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോടേറ്റ തോൽവിക്ക് മറുപടി നൽകാനുറച്ച് ഇറങ്ങിയ ആഴ്സണലിന് 28-ാം മിനിറ്റിൽ തന്നെ വോൾവ്സ് ആദ്യ തിരിച്ചടി നൽകി. പത്ത് മിനിറ്റിനുള്ളിൽ ലീഡ് രണ്ടാക്കി വോൾവ്സ് വീണ്ടും ഞെട്ടിച്ചു. ആദ്യ പകുതി അവസാനിക്കുന്നിതിനു മുമ്പ് ഡിയോഗോ ജോട്ടയിലൂടെ മൂന്നാം ഗോളും നേടി ആതിഥേയർ ഗണ്ണേഴ്സിനെ തളർത്തി. രണ്ടാം പകുതിയിലും ഗോൾ നേടാനാകാതെ ആഴ്സണൽ വിയർത്തു. 80-ാം മിനിറ്റിൽ സോക്രട്ടീസ് സന്ദർശകരുടെ ആശ്വാസ ഗോൾ നേടി. പന്ത് കൈവശം വെച്ചതിലും പാസിങിലും കൃത്യത കാട്ടിയ ആഴ്സണലിന് ഫിനിഷിംഗിലെ പോരായ്മകളാണ് തിരിച്ചടിയായത്.
തോൽവിയോടെ ആഴ്സണലിന്‍റെ ടോപ്പ് ഫോർ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റത് മാത്രമാണ് ആഴ്സണലിന് പ്രതീക്ഷ നൽകുന്നത്. എങ്കിലും പോയിന്‍റ് പട്ടികയിൽ ചെൽസിയെ മറികടന്ന് നാലാം സ്ഥാനത്തെത്താൻ അവർക്കായില്ല. ലീഗിൽ മൂന്ന് വീതം കളി ബാക്കി നിൽക്കുമ്പോൾ നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.