സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പില്‍ അട്ടിമറി വീരന്മാരായ സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പ്പിച്ച് സ്‌പെയ്ന്‍ സെമിയില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1 എന്ന സ്‌കോറിനാണ് സ്പാനിഷ് പട സെമിയുറപ്പിച്ചത്. ഓരോ ഗോളുകള്‍ വീതം നേടി ഇരു ടീമുകളും നിശ്ചിത സമയത്തും അധിക സമയത്തും സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നത്.
സ്വിസ് ടീമിനായി മരിയോ ഗാവ്രനോവിച്ച് മാത്രം
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സ്‌പെയ്നിനായി ഡാനി ഓല്‍മോ, ജെറാര്‍ഡ് മൊറേനോ, മികേല്‍ ഒയാര്‍സബാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ സെർജിയോ ബുസ്കെറ്റ്സ്, റോഡ്രി എന്നിവർ പെനാല്‍റ്റി പാഴാക്കി. മരിയോ ഗാവ്രനോവിച്ചിന് മാത്രമാണ് സ്വിറ്റ്‌സര്‍ലന്‍ഡിനായി ഗോള്‍ നേടാനായത്. ഫാബിയാന്‍ ഷാര്‍, മാനുവേല്‍ അകാന്‍ജി, റൂബന്‍ വര്‍ഗാസ് എന്നിവര്‍ക്ക് ലക്ഷ്യം കാണാനായില്ല.
ആവേശം നിറഞ്ഞ പോരാട്ടം
മത്സരത്തിന്‍റെ എട്ടാം മിനുട്ടില്‍ സ്വിസ് പ്രതിരോധതാരം ഡെന്നിസ് സാക്കറിയയുടെ സെല്‍ഫ് ഗോളില്‍ സ്പെയിനാണ് ആദ്യം മുന്നിലെത്തിയത്. കോക്കെയെടുത്ത കോര്‍ണറില്‍ ജോര്‍ഡി ആല്‍ബ തുടുത്തവോളി സക്കറിയയുടെ കാലില്‍ തട്ടി ഗോള്‍വര കടക്കുകയായിരുന്നു. തുടര്‍ന്ന് 68ാം മിനുട്ടില്‍ ഷെര്‍ദാന്‍ ഷാക്കിരിയുടെ ഗോളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒപ്പം പിടിച്ചു.
also read: ജർമൻ മധ്യനിരയില്‍ ഇനി ടോണി ക്രൂസില്ല: റയലിനായി കളിക്കും
സ്പാനിഷ് പ്രതിരോധത്തിലെ ആശയക്കുഴപ്പമാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില നല്‍കിയത്. അയ്മറിക് ലാപോര്‍ട്ട്, പൗ ടോറസ് എന്നിവരുടെ പിഴവില്‍ നിന്നും പന്ത് പിടിച്ചെടുത്ത ഷാക്കിരി വല കുലുക്കുകയായിരുന്നു. 77ാം മിനുട്ടില്‍ റെമോ ഫ്രെവുലര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് സ്വിസ് പടയ്ക്ക് തിരിച്ചടിയായി.
കയ്യടി നേടി യാന്‍ സോമര്‍
പിന്നാലെ നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയ്ന്‍ സെമിയുറപ്പിച്ചു. അതേസമയം മികച്ച പ്രകടനം നടത്തിയ സ്വിസ് ഗോള്‍ക്കീപ്പര്‍ യാന്‍ സോമര്‍ ആരാധകരുടെ കയ്യടി നേടി. പത്തോളം ഷോട്ടുകളാണ് സോമര്‍ വലയ്ക്ക് പുറത്തെത്തിച്ചത്. ഗോള്‍ കീപ്പര്‍ ഉനൈ സിമോണിന്‍റെ പ്രകടനവും സ്പെയ്‌നിന്‍റെ വിജയത്തില്‍ നിര്‍ണായകമായി.