ലണ്ടന്‍: ഹോം ഗ്രൗണ്ടില്‍ നടന്ന നോര്‍ത്ത് ലണ്ടന്‍ ഡര്‍ബിയില്‍ ആഴ്‌സണലിനെ മുട്ടുകുത്തിച്ച് ടോട്ടന്‍ഹാം ഹോട്ട്സ്‌ഫര്‍. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാമിന്‍റെ ജയം. ആദ്യ പകുതിയിലാണ് ഹോസെ മൗറിന്യോയുടെ ശിഷ്യന്‍മാര്‍ ഗണ്ണേഴ്‌സിന്‍റെ വല കുലുക്കിയത്.
13ാം മിനിട്ടില്‍ ദക്ഷിണ കൊറിയന്‍ മുന്നേറ്റ താരം സണ്‍ ഹ്യൂമിന്നിലൂടെയാണ് ആദ്യ ഗോള്‍ പിറന്നത്. ഇംഗ്ലീഷ് മുന്നേറ്റ താരം ഹാരികെയിന്‍ മധ്യനിരയില്‍ നിന്നും നല്‍കിയ പാസ് ബോക്‌സിന് മുന്നില്‍ നിന്നും തൊടുത്ത മനോഹരമായ ലോങ് ഷോട്ടിലൂടെയാണ് സണ്‍ വലയിലെത്തിച്ചത്.
പിന്നാലെ ആദ്യ പകുതിയുടെ അധികസമയത്ത് സണ്‍ വീണ്ടും ഗണ്ണേഴ്‌സിന് വേണ്ടി തിളങ്ങി. ഇത്തവണ സണ്ണിന്‍റെ അസിസ്റ്റിലൂടെ ഹാരി കെയിന്‍റെ വകയായിരുന്നു ഗോള്‍. മത്സരത്തിലുടനീളം കൂടുതല്‍ സമയം പന്ത് കൈവശം വെച്ചത് ആഴ്‌സണലായിരുന്നു. എന്നാല്‍ ലീഡ് പിടിക്കാനും ഗോള്‍ മടക്കാനുമുള്ള ആഴ്‌സണലിന്‍റെ ശ്രമങ്ങളെല്ലാം ആതിഥേയരുടെ പ്രതിരോധത്തില്‍ തട്ടി നിന്നു.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ടോട്ടന്‍ഹാമും നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളും ഒപ്പത്തിനൊപ്പമാണ്. ഇരു ടീമുകള്‍ക്കും 24 പോയിന്‍റ് വീതമാണ്. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള ടോട്ടന്‍ഹാമാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ലിവര്‍പൂളും. ഇരു ടീമുകള്‍ക്കും ലീഗില്‍ 11 മത്സരങ്ങളില്‍ നിന്നായി ഏഴ് ജയം വീതമുണ്ട്.