മാഡ്രിഡ് :യൂറോ കപ്പ് പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുന്ന സ്പാനിഷ് ടീമിന് വീണ്ടും തിരിച്ചടി. സെന്‍ട്രല്‍ ബാക്ക് ഡിയാഗോ ലോറന്‍റയിന് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച ലോറന്‍റയിന്‍ ഐസൊലേഷനിലാണെന്ന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ലോറന്‍റെയിന് രോഗബാധ. കൊവിഡ് സ്ഥിരീകരിച്ചവര്‍ ഫിഫയുടെ നിയമപ്രകാരം മത്സരങ്ങള്‍ക്ക് മുന്നോടിയായി 10 ദിവസം ഐസൊലേഷനില്‍ കഴിയണം.
Also Read :ജയം തുടര്‍ന്ന് ബ്രസീല്‍ ; മെസിക്കും കൂട്ടര്‍ക്കും വീണ്ടും സമനിലക്കളി
ഇതിനാല്‍ ഇരുവര്‍ക്കും ഈ മാസം 15-ന് പുലര്‍ച്ചെ സ്വീഡനെതിരെ നടക്കാനിരിക്കുന്ന ആദ്യ യൂറോ കപ്പ് പോരാട്ടം നഷ്‌ടമാകും. കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കാന്‍ സാഹചര്യമുള്ളതിനാല്‍ ഇന്ന് പുലര്‍ച്ചെ ലിത്വാനിയക്ക് എതിരെ നടന്ന സൗഹൃദ പോരാട്ടത്തില്‍ ബൂട്ട് കെട്ടിയവരെയും സബ്‌സ്റ്റിറ്റ്യൂട്ടുകളെയും സ്‌പെയിന്‍ സമാന്തര ബയോ സെക്വയര്‍ ബബിളില്‍ പ്രവേശിപ്പിച്ചു.
18 പേരാണ് ഇത്തരത്തില്‍ പ്രത്യേക ബബിളില്‍ കഴിയുക. അതേസമയം സൗഹൃദ മത്സരത്തില്‍ സ്‌പെയിന്‍ ലിത്വാനിയയുടെ വല നിറച്ചു. സ്വന്തം മണ്ണില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് സ്‌പെയിനിന്‍റെ ജയം. ഗുല്ലമോണ്‍, ഡിയാസ്, മിറാന്‍ഡ, പാഡോ എന്നിവരാണ് ഗോളുകള്‍ സ്വന്തമാക്കിയത്.