ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ വീണ്ടും തോല്‍വി. എവര്‍ടണെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാര്‍ പരാജയപ്പെട്ടത്. 1999ന് ശേഷം ആദ്യമായാണ് എവര്‍ടണ്‍ ആൻഫീല്‍ഡില്‍ നടന്ന പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ജയിക്കുന്നത്. 2010ന് ശേഷം ആദ്യമായൊരു മത്സരത്തില്‍ ചെമ്പടയെ പരാജയപ്പടുത്തിയെന്ന നേട്ടവും കാര്‍ലോ ആഞ്ചലോട്ടിയുടെ ശിഷ്യന്‍മാര്‍ സ്വന്തമാക്കി.
സീസണില്‍ എവര്‍ടണൊപ്പം ചേര്‍ന്ന് ജെയിംസ് റോഡ്രിഗസിന്‍റെ അസിസ്റ്റിലാണ് ആദ്യ ഗോള്‍. കിക്കോഫായി മൂന്നാമത്തെ മിനിട്ടിലായിരുന്നു റിച്ചാര്‍ലിസണ്‍ എവര്‍ടണ് വേണ്ടി പന്ത് വലയിലെത്തിച്ചത്. രണ്ടാം പകുതിയില്‍ സിഗുരോസണും പെനാല്‍ട്ടിയിലൂടെ വലകാത്ത അലിസണ്‍ ബെക്കറെ മറികടന്ന് പന്ത് വലയിലെത്തിച്ചു. പോസ്റ്റിന്‍റെ ഇടത് മൂലയിലാണ് പന്ത് ചെന്നു പതിച്ചത്. ഇതേ ദിശയിലേക്ക് ചാടി തടുത്തിടാന്‍ ബെക്കര്‍ നടത്തിയ ശ്രമം വിഫലമായി. റിച്ചാര്‍ലിസണെ ലിവര്‍പൂളിന്‍റെ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ് ബോക്‌സിനുള്ളില്‍ വെച്ച് ഫൗള്‍ ചെയ്‌തതിന് വാറിലൂടെയാണ് റഫറി പൊനാല്‍ട്ടി അനുവദിച്ചത്.