പാരീസ്: ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയെ സമനിലയില്‍ കുരുക്കി മാഴ്സെ എഫ്.സി. സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ പി.എസ്.ജിയെ ഗോള്‍ രഹിത സമനിലയിലാണ് മാഴ്‌സെ കുരുക്കിയത്. മത്സരത്തിന്‍റെ 20 മിനുട്ടിന് മുമ്പ് ഇരു സംഘവും ഓരോ തവണ വലകുലുക്കിയെങ്കിലും വാറിലൂടെ ഓഫ് സൈഡ് വിധിച്ച് ഗോള്‍ നിഷേധിക്കപ്പെട്ടു.
56 മിനുട്ടില്‍ ചെങ്കിസ് ഉണ്ടറിനെ ഫൗൾ ചെയ്തതിന് അഷ്‌റഫ് ഹക്കിമി ചുവപ്പ് കാർഡ് കണ്ടത് പി.എസ്.ജിക്ക് തിരിച്ചടിയായി. ആദ്യം മഞ്ഞ കാര്‍ഡ് പുറത്തെടുത്ത റഫറി വാര്‍ പരിശോധനയിലൂടെയാണ് ചുവപ്പ് നീട്ടിയത്. ഫ്രഞ്ച് ക്ലാസിക്കോയില്‍ 1998 നവംബറിന് ശേഷം ഇതാദ്യമായാണ് ചിരവൈരികള്‍ തമ്മിലുള്ള മത്സരം ഗോള്‍ രഹിതമായി പിരിയുന്നത്.
മത്സരത്തിനിടെ പി.എസ്.ജി താരങ്ങൾക്ക് നേരെ മാഴ്സെ ആരാധകര്‍ വെള്ളക്കുപ്പികളെറിഞ്ഞത് വിവാദമായി. 11 മത്സരങ്ങളിൽ നിന്നും 28 പോയിന്‍റുള്ള പി.എസ്.ജിയാണ് ലീഗിൽ തലപ്പത്തുള്ളത്. 10 മത്സരങ്ങളിൽ നിന്ന് 18 പോയിന്‍റുമായി മാഴ്സെ നാലാം സ്ഥാനത്താണ്.