റോം: ഇറ്റാലിയന്‍ സീരി എയിലെ കരുത്തരായ യുവന്‍റസിന്‍റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ലീഗില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കൂട്ടരെയും എസി മിലാന്‍ പരാജയപ്പെടുത്തി. പരാജയത്തോടെ യുവന്‍റസ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാമതാണ്. ബ്രാഹിം ഡിയാസ്, ആന്‍റെ റെബിക്, ഫികായോ ടൊമൊറി എന്നിവര്‍ മിലാന് വേണ്ടി വല കുലുക്കി. സൂപ്പര്‍ താരങ്ങളുമായി ഇറങ്ങി അക്കൗണ്ട് തുറക്കാന്‍ പോലും സാധിക്കാതെ കളി അവസാനിപ്പിക്കേണ്ടിവന്നത് യുവന്‍റസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ലീഗില്‍ നേരത്തെ ഇന്‍റര്‍ മിലാന്‍റെ കുതിപ്പിന് മുന്നില്‍ കിരീടം നഷ്‌ടമായ യുവന്‍റസിന് പരാജയം അടുത്ത തിരിച്ചടിയായി മാറി.
ലീഗിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയച്ചാലെ പോയിന്‍റ് പട്ടികയിലെ ആദ്യ നാലില്‍ ഇടംപിടിച്ച് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ യുവന്‍റസിന് സാധിക്കൂ. ഇതിനായി നാപ്പോളി, എസി മിലാന്‍, അറ്റ്‌ലാന്‍റ എന്നീ കരുത്തരോടാണ് യുവന്‍റസിന് മത്സരിക്കാനുള്ളത്. നാപ്പോളിക്ക് 70ഉം എസി മിലാന്‍, അറ്റ്‌ലാന്‍ഡ എന്നിവര്‍ക്ക് 72 പോയിന്‍റ് വീതവുമാണ് ഉള്ളത്. ലീഗില്‍ 69 പോയിന്‍റ് മാത്രമാണ് കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ റോണോക്കും കൂട്ടര്‍ക്കുമുള്ളത്.