റോം: യുവന്‍റസിന് വേണ്ടി 100 ഗോളുകളെന്ന നേട്ടം ആഘോഷിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോപ്പിലെ മൂന്ന് പ്രമുഖ ക്ലബുകള്‍ക്കായി 100 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും റോണോ ഇതോടെ സ്വന്തമാക്കി.
സസുവോലക്കെതിരായ സീരി എ പോരാട്ടത്തിലായിരുന്നു റോണോയുടെ 100-ാം ഗോള്‍. മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യുവന്‍റസ് വിജയിച്ചു. മൂന്ന് സീസണുകളില്‍ 139 മത്സരത്തിലാണ് റോണോ യുവന്‍റസിനായി ബൂട്ടുകെട്ടിയത്. ഗോളടിച്ച് സെഞ്ച്വറി നേടിയതിന്‍റെ ആഹ്ളാദം റോണോ ട്വീറ്റിലൂടെ ആരാധകരുമായി പങ്കുവെച്ചു. ഗോളടിക്കുന്ന പതിവ് അവസാനിപ്പിച്ചിട്ടില്ലെന്ന ഓര്‍മിപ്പിക്കല്‍ ഉള്‍പ്പെടെയാണ് റോണോയുടെ ട്വീറ്റ്.
നേരത്തെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയും സ്‌പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന് വേണ്ടിയും റോണോ 100ലധികം ഗോളുകള്‍ അടിച്ച് കൂട്ടിയിരുന്നു. യുണൈറ്റഡിന്‍റെ കുപ്പായത്തില്‍ 118 ഗോളുകള്‍ റോണോ കണ്ടെത്തിയപ്പോള്‍ റയലിന് വേണ്ടി 450 ഗോളുകളാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് അടിച്ചുകൂട്ടിയത്.
കൂടുതല്‍ കായിക വാര്‍ത്തകള്‍: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് രമേഷ് പൊവാര്‍ വീണ്ടും
റൊണാള്‍ഡോ നേട്ടം കൊയ്‌തെങ്കിലും യുവന്‍റസിന് സീസണില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല. സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്താകുന്ന ഘട്ടത്തിലാണ് യുവന്‍റസ്. കഴിഞ്ഞ ഒമ്പത് സീസണുകളിലായി ആര്‍ക്കും നല്‍കാതെ സൂക്ഷിച്ച സീരി എ കിരീടവും യുവന്‍റസിന് നഷ്‌ടമായി. യുവന്‍റസിനെ മറികടന്ന് ഇന്‍റര്‍മിലാനാണ് ഇത്തവണ സീരി എയില്‍ മുന്നിലുള്ളത്.