ബാഴ്‌സലോണ :ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്ന് പുറത്തായ റൊണാള്‍ഡ് കോമാന് പകരം സെർജി ബർജ്വാന്‍ ബാഴ്‌സയുടെ താത്കാലിക പരിശീലകനാകും. നിലവിൽ ബാഴ്‌സ ബി ടീമിന്‍റെ പരിശീലകനാണ് ബർജ്വാന്‍. ടീമിന് മുഴുവൻ സമയ ഹെഡ് കോച്ചിനെ ലഭിക്കുന്നത് വരെ ബർജ്വാന്‍ കോച്ചായി തുടരും.
മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബാഴ്‌സലോണയുടെ മുൻ ഇതിഹാസ താരം സാവി ഹെർണാണ്ടസിനെയാണ് പരിഗണിക്കുന്നത്. ക്ലബ്ബിന്‍റെ മുൻ മധ്യനിര താരമായ സാവി നിലവിൽ ഖത്തർ ക്ലബ് അൽ സാദിന്‍റെ പരിശീലകനാണ്. താരത്തെ മുഖ്യപരിശീലകനായി തിരികെ ടീമിലേക്കെത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
സമീപകാലത്തെ ടീമിന്‍റെ ഏറ്റവും മോശം പ്രകടനമാണ് കോമാന് ക്ലബ്ബിന് പുറത്തേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ എല്‍ ക്ലാസിക്കോയടക്കം ലാ ലിഗയിലെ അവസാന നാല് മത്സരങ്ങളിലെ മൂന്നിലും ബാഴ്‌സ തോല്‍വി വഴങ്ങിയിരുന്നു. അവസാന ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാനായത്.
ALSO READ :ഗാരി കേർസ്റ്റൻ പാകിസ്ഥാന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്കെന്ന് റിപ്പോർട്ട്
സൂപ്പര്‍ താരം മെസിയുമായി നല്ല ബന്ധം സ്ഥാപിക്കാനായിരുന്നില്ലെങ്കിലും താരത്തിന്‍റെ അഭാവം ടീമിന്‍റെ വിജയങ്ങളെ പ്രതികൂലമായി ബാധിച്ചതായി നേരത്തേതന്നെ കോമാന്‍ വ്യക്തമാക്കിയിരുന്നു. മെസിയില്ലാതെ ടീമിന് വിജയിക്കാനാവില്ലെന്നായിരുന്നു 58കാരനായ കോമാന്‍ തുറന്നുപറഞ്ഞത്.