കൊല്‍ക്കത്ത:മുന്നേറ്റ താരം റോയ് കൃഷ്‌ണയുടെ ഹാട്രിക് ഗോളിന്‍റെ പിന്‍ബലത്തില്‍ എടികെക്ക് ഐഎസ്‌എല്ലില്‍ നാലാം തുടർ ജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എടികെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തി. ജയത്തോടെ എടികെ ലീഗിലെ പ്ല ഓഫ് പട്ടികയില്‍ സ്ഥാനം ഉറപ്പിച്ചു. നേരത്തെ എഫ്‌സി ഗോവ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയല്‍ 33 പോയിന്‍റുമായി എടികെയും ഗോവയും ഒപ്പത്തിനൊപ്പമാണ്. ഗോൾ ശരാശരിയില്‍ മുന്നിലുള്ള എടികെയാണ് ഒന്നാമത്.
റോയ് കൃഷ്‌ണക്ക് ഹാട്രിക്; പ്ലേ ഓഫ് ഉറപ്പിച്ച് എടികെ - റോയ് കൃഷ്‌ണ വാർത്ത
ഒഡീഷക്ക് എതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലെ ജയത്തോടെ ഗോവയെ മറികടന്ന് എടികെ ഐഎസ്‌എല്ലിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതായി
രണ്ടാം പകുതിയിലാണ് റോയ് കൃഷ്‌ണയുടെ ഹാട്രിക് ഗോൾ പിറന്നത്. 49, 60, 63 മിനിട്ടുകളിലാണ് റോയ് ഒഡീഷക്കെതിരെ ഗോൾ നേടിയത്. 16 മത്സരങ്ങളില്‍ നിന്നും 13 ഗോളുമായി റോയിയാണ് ലീഗിലെ ഗോൾ വേട്ടക്കാരില്‍ ഒന്നാമത്. 67-ാം മിനിട്ടില്‍ മാനുവല്‍ ഓന്‍വു ഒഡീഷക്കായി ആശ്വാസ ഗോൾ നേടി. ഫെബ്രുവരി 16-ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ എടികെ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. പ്ലേ ഓഫ് സാധ്യതക്കായി പൊരുതുന്ന ചെന്നൈയിന് എടികെക്ക് എതിരായ മത്സരം നിർണായകമാണ്. ഫെബ്രുവരി 14-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഒഡീഷയുടെ എതിരാളികൾ.