വാസ്‌കോ:കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെതിരെ വമ്പന്‍ ജയം സ്വന്തമാക്കി എടികെ മോഹന്‍ബാഗന്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച ഐഎസ്‌എല്ലിലെ ടേബിള്‍ ടോപ്പേഴ്‌സായ എടികെക്ക് അഞ്ച് പോയിന്‍റിന്‍റെ മുന്‍തൂക്കവും ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള കരുത്തരായ മുംബൈ സിറ്റി എഫ്‌സിക്ക് 34 പോയിന്‍റാണ് ഉള്ളത്.
ഈസ്റ്റ് ബംഗാളിനെതിരായ കൊല്‍ക്കത്ത ഡര്‍ബിയുടെ ആദ്യ പകുതിയില്‍ ഫിജിയന്‍ ഫോര്‍വേഡ് റോയ് കൃഷ്‌ണയാണ് എടികെയുടെ മുന്നേറ്റത്തിന് തുടക്കമിട്ടത്. സ്‌പാനിഷ് സെന്‍റര്‍ ഡിഫന്‍ഡര്‍ ടിരിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു റോയ് കൃഷണയുടെ ഗോള്‍. ടിരി നല്‍കിയ ലോങ് പാസ് സ്വീകരിച്ച് ഈസ്റ്റ് ബംഗാളിന്‍റെ ഗോളിയെയും മറികടന്നാണ് റോയ് കൃഷണ പന്ത് വലയിലെത്തിച്ചത്.
രണ്ടാം പകുതിയിലായിരുന്നു എടികെയുടെ തുടര്‍ന്നുള്ള ഗോളുകള്‍. മുന്നേറ്റ താരം ഡേവിഡ് വില്യംസും പകരക്കാരനായി ഇറങ്ങിയ ജാവി ഹെര്‍ണാണ്ടസും ഈസ്റ്റ് ബംഗാളിന്‍റെ വലകുലുക്കി. എതിരാളികളുടെ പിഴവില്‍ നിന്നും റോയ് കൃഷ്‌ണക്ക് ലഭിച്ച പന്ത് ഡേവിഡ് വില്യംസിന് കൈമാറി. പിന്നാലെ ഒറ്റകിക്കിലൂടെ അസിസ്റ്റ് ഗോളാക്കി മാറ്റാന്‍ വില്യംസിനായി. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെ റോയ് കൃഷ്‌ണയുടെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഹെഡറിലൂടെ ഹെര്‍ണാണ്ടസ് ഗോള്‍ കണ്ടെത്തിയത്. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി തിളങ്ങിയ റോയ് കൃഷ്‌ണയാണ് കളിയിലെ താരം.
ഗോള്‍ രഹിതമായ അവസാനിക്കേണ്ടിയിരുന്ന ഈസ്റ്റ് ബംഗാളിന് ഓണ്‍ഗോളാണ് തുണയായത്. ആദ്യപകുതിയില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ നാല് മിനിട്ട് മാത്രം ശേഷിക്കെ സ്‌പാനിഷ് സെന്‍റര്‍ ബാക് ടിരിക്ക് സംഭവിച്ച പിഴവിലൂടെയായിരുന്നു ഈസ്റ്റ് ബംഗാള്‍ അക്കൗണ്ട് തുറന്നത്. പന്ത് ഹെഡ് ചെയ്‌ത് ക്ലിയര്‍ ചെയ്യാനുള്ള ടിരിയുടെ ശ്രമത്തിനിടെ അബദ്ധത്തില്‍ വലയിലെത്തുകയായിരുന്നു.
ഒരു തവണ പോലും ഈസ്റ്റ് ബംഗാളിന് പന്തുമായി എതിരാളികളുടെ ഗോള്‍മുഖത്തേക്ക് എത്താനാകാതെ പോയ മത്സരത്തില്‍ ഏഴ് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ച് എടികെ മുന്‍തൂക്കം നേടി. ആകെ 16 ഷോട്ടുകള്‍ തൊടുത്ത എടികെ ആക്രമണ ഫുട്‌ബോളാണ് മുന്നോട്ടുവെച്ചത്. എടികെക്ക് മൂന്നും ഈസ്റ്റ് ബംഗാളിന് അഞ്ചും യെല്ലോ കാര്‍ഡുകളാണ് മത്സരത്തില്‍ ലഭിച്ചത്.