ടൂറിന്‍:കാല്‍പ്പന്തിന്‍റെ ലോകത്ത് മുന്നേറ്റം തുടരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരില്‍ മറ്റൊരു റെക്കോഡ് കൂടി. വിവിധ യൂറോപ്യന്‍ ലീഗുകളില്‍ ഒരു വ്യാഴവട്ടത്തിനിടെ എല്ലാ സീസണിലും 20 ഗോളടിച്ച പ്രഥമ താരമെന്ന റെക്കോഡാണ് റോണോ സ്വന്തം പേരില്‍ കുറിച്ചത്. ഇറ്റാലിയന്‍ സീരി എയില്‍ ദുര്‍ബലരായ സ്‌പെസിയക്കെതിരെ നടന്ന മത്സരത്തിലാണ് റോണോ ഈ സീസണില്‍ 20 ഗോളുകള്‍ തികച്ചത്. ഇറ്റാലിയന്‍ സീരി എയിലെ അറന്നൂറാമത് അപ്പിയറന്‍സിലാണ് ക്രിസ്റ്റ്യാനോയുടെ നേട്ടമെന്ന പ്രത്യേകതയുമുണ്ട്. ഫിഫയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡ് അടുത്തിടെയാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.
റോണോക്ക് റെക്കോഡ്; യുവന്‍റസിന് വമ്പന്‍ ജയം - morata with goal news
ഇറ്റാലിന്‍ സീരി എയിലെ ഈ സീസണില്‍ 20-ാമത്തെ ഗോളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്. ഗോള്‍ പിറന്നത് ലീഗില്‍ സ്‌പെസിയക്കെതിരായ മത്സരത്തില്‍ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെ
റോണോയുടെ റെക്കോഡ് പിറന്ന മത്സരത്തില്‍ യുവന്‍റസ് വമ്പന്‍ ജയം സ്വന്തമാക്കി. സ്‌പെസിയക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന്‍റെ ജയമാണ് റൊണാള്‍ഡോയും കൂട്ടരും നേടിയത്. ആദ്രെ പിര്‍ലോയുടെ ശിഷ്യന്‍മാരുടെ കുതിപ്പുകള്‍ ഫലം കാണാന്‍ തുടങ്ങിയത് ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ്. രണ്ടാം പകുതിയില്‍ ആദ്യം അല്‍വാരോ മൊറാട്ട യുവന്‍റസിനായി വല കുലുക്കി. വലത് വിങ്ങില്‍ നിന്നും ബെര്‍നാഡ്ദേസ്‌കി നല്‍കിയ അസിസ്റ്റിലൂടെയാണ് മൊറാട്ട പന്ത് വലയിലെത്തിച്ചത്. ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും പിന്നീട് വാറിലൂടെ റഫറി ഗോള്‍ അനുവദിച്ചു.
സ്‌പെസിയയുടെ ഗോളിയുടെ കൈകളില്‍ തട്ടി റിട്ടേണടിച്ച പന്ത് കിയേസ സമര്‍ഥമായി വലയിലെത്തിച്ചതോടെ യുവന്‍റസിന്‍റെ ലീഡ് രണ്ടായി ഉയര്‍ന്നു. ഇത്തവണയും ബെര്‍നാഡ്‌ദേസ്‌കിയുടെ അസിസ്റ്റാണ് ഗോളിന് കാരണമായത്. കിയേസ്‌കയുടെ തന്നെ ഷോട്ടാണ് ഇറ്റാലിയന്‍ ഗോളി പ്രൊവേഡലിന്‍റെ കൈകളില്‍ തട്ടി റിട്ടേണടിച്ചത്. മൂന്നാമത്തെ ഗോള്‍ റോണോയുടെ വകയായിരുന്നു. മിഡ്‌ഫീല്‍ഡര്‍ റോഡ്രിഗോ ബെറ്റാങ്കുറിന്‍റെ അസിസ്റ്റില്‍ നിന്നും സൂപ്പര്‍ ഫോര്‍വേഡ് റൊണാള്‍ഡോ ഗോള്‍ കണ്ടെത്തി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ യുവന്‍റസ് 49 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 24 മത്സരങ്ങളില്‍ നിന്നും 14 ജയവും ഏഴ് സമനിലയുമാണ് നിലവിലെ ചാമ്പ്യന്‍മാരുടെ പേരിലുള്ളത്.