ടൂറിന്‍: യുവന്‍റസിന് വേണ്ടിയുള്ള 100ാം മത്സരത്തില്‍ ഇരട്ട ഗോളുമായി തിളങ്ങി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇറ്റാലിയന്‍ സീരി എയില്‍ ജെനോവക്ക് എതിരെയായിരുന്നു റോണോ തന്‍റെ നൂറാം മത്സരം കളിച്ചത്. എവേ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ ജയവും നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസ് സ്വന്തമാക്കി.
ഗോള്‍ ഹരിതമായി കലാശിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് നാല് ഗോളകളും പിറന്നത്. ആദ്യ പകുതിയിലെ 57ാം മിനിട്ടില്‍ പൗലോ ഡിബാലയിലൂടെയാണ് യുവന്‍റസ് ആദ്യ ഗോള്‍ കണ്ടെത്തിയത്. പിന്നാലെ 78ാം മിനിട്ടിലും നിശ്ചിത സമയത്ത് മത്സരം അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെയും റൊണാള്‍ഡോ പെനാല്‍ട്ടിയിലൂടെ ഗോള്‍ കണ്ടെത്തി.
ജുവാന്‍ കുഡ്രാഡോയെ ജനോവയുടെ മധ്യനിര താരം ബോക്‌സിനുള്ളില്‍ വെച്ച് ഇടിച്ചിട്ടതിനാണ് റഫറി ആദ്യമായി പെനാല്‍ട്ടി അനുവദിച്ചത്. യുവന്‍റസിന്‍റെ സ്‌പാനിഷ് മുന്നേറ്റ താരം അല്‍വാരോ മൊറാട്ടയെ ബോക്‌സിന് പുറത്ത് വെച്ച് ജനോവയുടെ ഗോളി മാറ്റിയ പെറിന്‍ ഇടിച്ചിട്ടതിനാണ് റഫറി രണ്ടാമതും പെനാല്‍ട്ടി അനുവദിച്ചത്. ഇരു അവസരങ്ങളും ഫലപ്രദമായി വിനിയോഗിച്ച റൊണാള്‍ഡോ യുവന്‍റസിന്‍റെ ലീഗ് രണ്ടാക്കി ഉയര്‍ത്തി.
യുവന്‍റസിന് വേണ്ടി 100 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോയുടെ പേരില്‍ 78 ഗോളുകളും 19 അസിസ്റ്റുകളുമാണ് ഉള്ളത്. തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ യുവന്‍റസിന് ഇറ്റാലിയന്‍ സീരി എ കിരീടം ഉള്‍പ്പെടെ നേടിക്കൊടുക്കാനും പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് സാധിച്ചു.
61ാം മിനിട്ടില്‍ സ്‌റ്റെഫാനോ സ്റ്റുറാറോയാണ് ജെനോവക്ക് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 23 പോയിന്‍റുമായി യുവന്‍റസ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.