റോം:ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്‍റെ കരുത്തില്‍ ഇറ്റാലിയന്‍ കപ്പിന്‍റെ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്‍റര്‍ മിലാനെ പരാജയപ്പെടുത്തി യുവന്‍റസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ(26, 35) ഇരട്ട ഗോളിന്‍റെ കരുത്തിലാണ് യുവന്‍റസന്‍റെ ജയം. അര്‍ജന്‍റീനന്‍ ഫോര്‍വേഡ് മാര്‍ട്ടിനസ് ഇന്‍ററിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.
പെനാല്‍ട്ടിയിലൂടെയായിരുന്നു റോണോയുടെ ആദ്യ ഗോള്‍. ഇന്‍ററിന്‍റെ വല കാത്ത സ്ലോവേനിയന്‍ ഗോളി ഹാന്‍ഡ്‌നോവിക്കിനെ കാഴ്‌ചക്കാരനാക്കി റൊണാള്‍ഡോ പന്ത് വലയിലെത്തിച്ചു.ഡിഫന്‍ഡര്‍ കുഡ്രാഡോയെ ബോക്‌സിനുള്ളില്‍ വെച്ച് ഇന്‍ററിന്‍റെ മിഡ്‌ഫീല്‍ഡര്‍ ആഷ്‌ലി യങ് വീഴ്‌ത്തിയതിന് വാറിലൂയെയാണ് റഫറി പെനാല്‍ട്ടി വിധിച്ചത്.
ബോക്‌സിന് പുറത്ത് നിന്നുള്ള ലോങ് ഷോട്ടിലൂടെയായിരുന്നു റോണായുടെ രണ്ടാമത്തെ ഗോള്‍. ഇന്‍ററിന്‍റെ ഇറ്റാലിയന്‍ പ്രതിരോധ താരം അലസാന്‍ഡ്രോ ബസ്റ്റോണിയില്‍ നിന്നും പന്ത് കൈക്കലാക്കി ആളില്ലാത്ത പോസ്റ്റിലേക്ക് റൊണാള്‍ഡോ ഷോട്ടുതിര്‍ക്കുകയായിരുന്നു. റോണോയെ പ്രതിരോധിക്കാന്‍ വേണ്ടി ഗോളി ബോക്‌സിന് പുറത്തേക്ക് അഡ്വാന്‍സ് ചെയ്‌ത സമയത്തായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്‍റെ ആക്രമണം. റോണോയുടെ കണക്കൂകൂട്ടല്‍ ഒട്ടും പിഴച്ചില്ല. പന്ത് ഗോള്‍ പോസ്റ്റിന്‍റെ വലത് മൂലയിലേക്ക് പതിക്കുമ്പോള്‍ ഇന്‍ററിന്‍റെ ഗോളി ഹാന്‍ഡ്‌നോവിക്കന് നിസഹായനായി നോക്കിനില്‍ക്കാനെ സാധിച്ചുള്ളൂ. സീസണില്‍ ഇതേവരെ 22 ഗോളുകളാണ് റൊണാള്‍ഡോ അടിച്ച് കൂട്ടിയത്.
ഏഴ് വര്‍ഷത്തിനിടെയുള്ള ആറാമത്തെ ഫൈനല്‍ പ്രവേശനമാണ് പരിശീലകന്‍ ആന്ദ്രെ പിര്‍ലോയുടെ കീഴിലുള്ള യുവന്‍റസിന്‍റെ ലക്ഷ്യം. പരിശീലകനെന്ന നിലയില്‍ ഇറ്റാലന്‍ കപ്പ് സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് പിര്‍ലോക്ക് ഇത്തവണ ലഭിച്ചിരിക്കുന്നത്. തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഇറ്റാലിയന്‍ കപ്പിന്‍റെ ഫൈനലില്‍ പ്രവേശിച്ച യുവന്‍റസ് 2018ലാണ് അവസാനമായി കപ്പടിച്ചത്. ഇതിനകം 13 തവണ ഇറ്റാലിയന്‍ കപ്പിടിച്ച് റെക്കോഡിട്ട യുവന്‍റസ് ഇത്തവണ വീണ്ടും കപ്പ് ക്ലബിന്‍റെ ഷെല്‍ഫിലെത്തിക്കാനുള്ള നീക്കമാണ് നടത്തുന്നത്.
യുവന്‍റസിന് ഇത്തവണ ഫൈനല്‍ പ്രവേശം സാധ്യമാകാന്‍ ഈ മാസം 10ന് പുലര്‍ച്ചെ ടൂറിനില്‍ വെച്ച് നടക്കുന്ന ഇന്‍ററിനെതിരായ രണ്ടാം പാദ സെമി പോരാട്ടം പൂര്‍ത്തിയാക്കണം. ഇരു പാദങ്ങളിലുമായി കൂടതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന ടീം ഫൈനലില്‍ യോഗ്യത നേടും. ലീഗിലെ നാളെ പുലര്‍ച്ചെ 1.30ന് നടക്കുന്ന മറ്റൊരു സെമി പോരാട്ടത്തില്‍ അറ്റ്ലാന്‍ഡ നിലവിലെ ചാമ്പ്യന്‍മാരായ നാപ്പോളിയെ നേരിടും. ഫൈനല്‍ പോരാട്ടം മെയ് 19നാണ്.