ആരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് ലോകത്തോട് പ്രത്യേകം പറയേണ്ടതില്ല. ലോക ഫുട്‌ബോളിലെ വ്യക്തിഗത നേട്ടങ്ങൾ എല്ലാം കാല്‍ക്കീഴില്‍ ഒതുക്കിയ താരം. യൂറോകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് തുടക്കമാകുമ്പോൾ ഫുട്‌ബോൾ ലോകം ഏറ്റവുമധികം ശ്രദ്ധിക്കുന്നതും പോർച്ചുഗലിന്‍റെ നായകനായ ക്രിസ്റ്റ്യാനോയെ തന്നെ.
നിലവിലെ യൂറോചാമ്പ്യൻമാരായ പോർച്ചുഗലിന് വേണ്ടി റോണോ വീണ്ടും കിരീടമുയർത്തിയാല്‍ അത് ചരിത്രം. ഒൻപത് ഗോളുകളുമായി യൂറോകപ്പ് ടൂർണമെന്‍റിലെ ഗോൾസ്കോറർമാരുടെ പട്ടികയില്‍ സാക്ഷാല്‍ മിഷേല്‍ പ്ലാറ്റിനിക്ക് ഒപ്പമാണ് റോണോ. ഇന്ന് ഹംഗറിയെ നേരിടുമ്പോൾ ഒരു ഗോൾ നേടിയാല്‍ യൂറോകപ്പിലെ ഗോൾവേട്ടക്കാരിലെ ഇതിഹാസമായും റോണോ മാറും. പക്ഷേ ഇന്നത്തെ കഥ ഇതൊന്നുമല്ല.
കൊക്കക്കോള വേണ്ടെന്ന് പറയുന്ന റോണോ
പോർച്ചുഗലിന്‍റെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ശരിക്കും ഞെട്ടിച്ചത്. പരിശീലകൻ ഫെർണാണ്ടോ സാന്‍റോസും ക്രിസ്റ്റ്യാനോയും വാർത്താ സമ്മേളനത്തിന് എത്തുന്നു. ഇരുവരുടേയും കസേരകൾക്ക് മുന്നില്‍ രണ്ട് കുപ്പി കൊക്കക്കോളയും ഒരു കുപ്പി സാധാരണ വെള്ളവും സംഘാടകർ നിരത്തിയിട്ടുണ്ട്.
കൊക്കകോള യൂറോ കപ്പിന്‍റെ ഔദ്യോഗിക സ്‌പോൺസർമാരില്‍ ഒരാൾ കൂടിയാണ്. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളില്‍ ഇതെല്ലാം സാധാരണമാണ്. പരസ്യക്കാർ അവരുടെ ഉല്‍പ്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള വേദികൾ എല്ലായിടത്തും കണ്ടെത്തും. അവിടെയാണ് ക്രിസ്റ്റ്യാനോ എന്ന വ്യക്തിയും ലോകമറിയുന്ന ഫുട്‌ബോൾ താരവും വ്യത്യസ്തനായത്.
ആരോഗ്യ കാര്യങ്ങൾ ഏറെ ശ്രദ്ധാലുവായ റോണോ കൊക്കകോള കുപ്പികൾ തന്‍റെ മുന്നില്‍ നിന്ന് മാറ്റിവെച്ച ശേഷം സാധാരണ വെള്ളം നിറച്ച കുപ്പി പ്രത്യേകം എടുത്ത് ഉയർത്തി മാധ്യമപ്രവർത്തകരെ കാണിക്കുന്നു. എന്നിട്ട് വെള്ളം കുടിക്കണം എന്ന് പറയുകയും ചെയ്തതോടെ യൂറോകപ്പിന്‍റെ സംഘാടകരായ യുവേഫ പോലും ഞെട്ടിയിട്ടുണ്ടാകും. കാരണം പ്രധാന പരസ്യ ദാതാക്കളായ കൊക്കകോളയെ ആക്ഷേപിക്കുന്നതിന് തുല്യമായിരുന്നു റോണോയുടെ പ്രവൃത്തി.