കേരളം

kerala

ETV Bharat / sports

പ്രിയ റോണോ, നിനക്ക് പിറന്നാൾ ആശംസകൾ പറയാതെ എങ്ങനെ ഫുട്‌ബോളിനെ സ്നേഹിക്കാനാകും

ഇത് ദൈവങ്ങളുടെയും വാഴ്‌ത്തപ്പെട്ടവരുടേയും കഥയല്ല. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ബെന്‍റോ റിബെറോ തെരുവില്‍ പന്തു തട്ടി നടന്ന റോണോയില്‍ നിന്ന് റൊണാൾഡോയിലേക്കുള്ള യാത്രയാണ്. 17ാം വയസിൽ ദേശീയ ടീമിലെത്തിയ, വിടരും മുമ്പേ കൊഴിഞ്ഞു പോയ റൊണാള്‍ഡോ ലൂയിസ് നസാരിയോ ഡി ലിമ യെന്ന പ്രതിഭയുടെ കഥ

By

Published : Sep 18, 2021, 12:45 PM IST

Updated : Sep 18, 2021, 12:57 PM IST

ronaldo nazario birthday  ronaldo the phenomenon  happy birthday ronaldo nazario  ronaldo nazario de lima  റൊണാള്‍ഡോ നസാരിയോ ഡി ലിമ  റൊണാള്‍ഡോ നസാരിയോ  റൊണാള്‍ഡോ നസാരിയോ ബെർത്ത് ഡേ
റൊണാള്‍ഡോ ലൂയിസ് നസാരിയോ ഡി ലിമ

എന്തിനെ കുറിച്ചും വിശദമായി അറിയാൻ ഗൂഗിളില്‍ തെരയുന്ന പതിവുണ്ട്. ഫുട്‌ബോൾ താരം റൊണാൾഡോയെ കുറിച്ച് സെർച്ച് ചെയ്യാൻ തീരുമാനിച്ചതും അങ്ങനെയാണ്. പക്ഷേ ഗൂഗിളിന്‍റെ ഹോം പേജില്‍ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും മാത്രം.

ഒടുവില്‍ ബ്രസീലിയൻ ഫുട്‌ബോളർ റൊണാൾഡോ എന്ന് ടൈപ്പ് ചെയ്‌തപ്പോഴാണ് കാലുകളില്‍ ചടുല വേഗം നിറച്ച് കാല്‍പ്പന്തിന്‍റെ ലോകത്തെ ഏത് പ്രതിരോധക്കോട്ടയും അനായാസം മറികടന്ന ഗോൾ മാന്ത്രികനെ കണ്ടെത്താനായത്. വിവരങ്ങൾ വായിച്ചു തുടങ്ങി. 1976 സെപ്‌റ്റംബർ 18ന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ജനനം.

മുഴുവൻ പേര് റൊണാള്‍ഡോ ലൂയിസ് നസാരിയോ ഡി ലിമ... പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഇപ്പോൾ ലാലിഗയിലെ ഫുട്‌ബോൾ ക്ലബായ റയല്‍ വല്ലഡോളിഡിന്‍റെ പ്രസിഡന്‍റാണ്.

എത്രവേഗമാണ് കാലം മുന്നോട്ടുപോയത്. ആരായിരുന്നു ഫുട്‌ബോൾ ലോകത്ത് റൊണാൾഡോ. ഗൂഗിളില്‍ പോലും ആ പേര് ഇപ്പോൾ വല്ലാതെ പിന്നില്‍ പോയിരിക്കുന്നു.

പിന്നെയും വായിച്ചു. ഗൂഗിൾ ഇങ്ങനെ പറയുന്നു. "ദ ഫിനോമിനൻ" ( പ്രതിഭാസം) എന്ന് ഫുട്‌ബോൾ ലോകത്ത് അറിയപ്പെട്ടിരുന്ന "ആർ 9" എന്ന വിളിപ്പേരില്‍ ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരം. വേഗം, പന്തടക്കം, ചടുലത, മെയ്‌വഴക്കം തുടങ്ങി ഒരു മുന്നേറ്റ താരത്തിന് ആവശ്യമായതെല്ലാം ഒരാളില്‍.

ലോകത്തെ അമ്പരപ്പിച്ച, വിസ്‌മയിപ്പിച്ച സ്‌ട്രൈക്കർ. കാലത്തിന്‍റെ വേഗത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പേര് ഹോം പേജില്‍ പകരം വന്നെങ്കിലും റൊണാൾഡോ എന്നും റൊണാൾഡോ തന്നെയാണ്. ഗൂഗിൾ പിന്നെയും ഒരു പാട് കാര്യങ്ങൾ പറയുന്നുണ്ട്. അതെല്ലാം റൊണാൾഡോ മൈതാനത്ത് എഴുതി ചേർത്തതാണ്. ലോകം കണ്ടറിഞ്ഞതും എതിരാളികൾ അനുഭവിച്ചറിഞ്ഞതുമായ വലിയൊരു കണക്കു പുസ്‌തകമാണ് റൊണാൾഡോയെ കുറിച്ച് ഗൂഗിളില്‍ പിന്നീട് നിറയുന്നത്. പക്ഷേ ഗൂഗിൾ പറയാത്ത ചില കാര്യങ്ങളുണ്ട്.

അത് ഒരു മനുഷ്യൻ കാല്‍പന്തിനെ വരുതിയിലാക്കി ഗോളടിക്കുന്ന മാന്ത്രിക വിദ്യ കണ്ടറിഞ്ഞ ലോകത്തെ കുറിച്ചാണ്. കാലമെത്ര പഴകിയാലും റൊണാൾഡോ ലോകത്തിന് സമ്മാനിച്ച സുന്ദരമായ ഗോളുകളെ കുറിച്ചാണ്. അതിനുമപ്പുറം ലോകം കീഴടക്കാനുള്ള യാത്രയില്‍ സ്വപ്നങ്ങളുടെ കൊടുമുടിയിൽ നിന്ന് വീണുപോയവനെ കുറിച്ചാണ്.

17-ാം വയസില്‍ ലോകത്തെ വമ്പൻ താരങ്ങൾ അണിനിരന്ന ബ്രസീലിന്‍റെ ലോകകപ്പ് ടീമില്‍ അംഗമായ മൂന്ന് തവണ ഫിഫയുടെ ലോക ഫുട്‌ബോളറായ രണ്ട് ബാലൺ ദ്യോർ പുരസ്‌കാരം നേടിയ ഒരേയൊരു റൊണാൾഡോയ്ക്ക് പിറന്നാൾ ആശംസകൾ പറയാതെ എങ്ങനെ ഫുട്‌ബോളിനെ സ്‌നേഹിക്കാനാകും.

റൊണാള്‍ഡോ ബ്രസീൽ ജേഴ്‌സിയിൽ

ദൈവങ്ങൾക്കും വാഴ്ത്തപ്പെട്ടവർക്കും മുകളില്‍

പെലെയിലും മറഡോണയിലും തുടങ്ങി മെസിയിലും ക്രിസ്റ്റ്യാനോ റൊണാൾഡോയിലും എത്തി നില്‍ക്കുന്ന ഫുട്‌ബോൾ ദൈവങ്ങൾക്കും വാഴ്‌ത്തപ്പെട്ടവർക്കും സ്‌തുതി. ഇത് ദൈവങ്ങളുടെയും വാഴ്‌ത്തപ്പെട്ടവരുടേയും കഥയല്ല. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ബെന്‍റോ റിബെറോ തെരുവില്‍ പന്തു തട്ടി നടന്ന റോണോയില്‍ നിന്ന് റൊണാൾഡോയിലേക്കുള്ള യാത്രയാണ്. പതിനൊന്നാം വയസില്‍ അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ റോണോ സ്‌കൂൾ ഉപേക്ഷിച്ചു. പിന്നീട് അവന്‍റെ ചുറ്റും കാല്‍പന്തിന്‍റെ സുന്ദര ലോകം മാത്രം. തെരുവില്‍ പന്ത് കളിച്ചിരുന്ന റോണോ സൃഷ്ടിച്ച മാന്ത്രികത അവനെ എത്തിച്ചത് ക്രുസേറിയോ എന്ന പ്രശസ്തമായ ബ്രസീലിലെ ഫുട്‌ബോൾ ക്ലബിലേക്ക്. പിന്നീടുണ്ടായത് ചരിത്രം. പ്രതിഭയുടെ ധാരാളിത്തം കൊണ്ട് അടിച്ചു കൂട്ടിയ ഗോളുകളുമായി ഫുട്‌ബോൾ ലോകത്തിന്‍റെ നെറുകയില്‍ നില്‍ക്കുമ്പോൾ പരിക്ക് ദുരന്ത നായകന്‍റെ രൂപത്തില്‍ അവതരിച്ചു. പരിഹാസവും ആക്ഷേപങ്ങളുമായി വിമർശകർ. ചികിത്സ നടക്കുമ്പോൾ ലോകം വിധിയെഴുതി ഇനി റൊണാൾഡോ ഇല്ല. പക്ഷേ അദ്ദേഹം തിരിച്ചെത്തി. വിമർശനങ്ങളെ മനസൊരുക്കം കൊണ്ട് നേരിട്ട് ലോകകിരീടവും ഗോള്‍ഡൻ ബൂട്ടുമായി സ്വന്തം നാട്ടിലേക്ക് മടങ്ങിയ റൊണാൾഡോ എന്നും ഫുട്‌ബോൾ ദൈവങ്ങൾക്കും വാഴ്ത്തപ്പെട്ടവർക്കും മുകളില്‍ തന്നെയാണ്.

റൊണാള്‍ഡോ ബ്രസീൽ ജേഴ്‌സിയിൽ മൈതാനത്ത്

ലോകമറിയുന്നു ഒരു സുവർണ താരത്തിന്‍റെ പിറവി

ബ്രസീലിലെ തെരുവുകളില്‍ പട്ടിണിയോട് പൊരുതിയാണ് ഓരോ താരവും പിറവിയെടുക്കുന്നത്. ബ്രസീലിലെ ക്രുസേറിയോയില്‍ ഗോളടിച്ചു കൂട്ടിയ റോണോ ദേശീയ ടീമിലെ സൂപ്പർതാരമായ റൊമാരിയോയ്ക്കൊപ്പം 17ാം വയസിൽ പിഎസ്‌വി ഐന്തോവന് വേണ്ടി ബൂട്ടണിഞ്ഞു. അതൊരു വിസ്‌മയ തുടക്കം മാത്രം. വരാനിരിക്കുന്ന ഗോൾ മഴക്കാലത്തിന്‍റെ സൂചന. ഒരു സീസൺ പിഎസ്‌വിയില്‍ കളിച്ചു തീരുമ്പോഴേക്കും ലോകത്തെ വമ്പൻ ക്ലബുകൾ പണപ്പെട്ടിയുമായി റോണോയ്ക്ക് പിന്നാലെ. ആദ്യം കൈകൊടുത്തത് സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയ്ക്ക്. അവിടെയും ഗോളടിമേളം. ലോകത്തെ ഏറ്റവും പ്രശസ്തരായ പരിശീലകരും പ്രതിരോധ താരങ്ങളും അതുവരെ പയറ്റിയ പ്രതിരോധ തന്ത്രങ്ങളെ കുറിച്ച് പുനർ ചിന്തയില്‍. എതിരാളികളെ വേഗവും ചടുതലയും മെയ്‌വഴക്കവും കൊണ്ട് മറികടക്കുന്ന റോണോ സൂപ്പർതാര പദവിയിലേക്ക് ഉയർന്നത് അതിവേഗമായിരുന്നു. താര കൈമാറ്റത്തില്‍ അതുവരെയുണ്ടായിരുന്ന റെക്കോഡ് തുകകൾ റോണോയുടെ പേരില്‍ പലവട്ടം മാറ്റിയെഴുതി. ബാഴ്‌സയില്‍ നിന്ന് റയൽ മാഡ്രിഡിലേക്ക്. സിദാനും ഫിഗോയും ബെക്കാമും റോബർട്ടോ കാർലോസുമെല്ലാം നിറഞ്ഞ റയലിലും റോണോ തരംഗം. സ്‌പെയിനില്‍ നിന്ന് പിന്നീട് ഇറ്റലിയിലേക്ക്. ഇന്‍റർ മിലാനില്‍ തകർത്തു കളിക്കുന്നതിനിടെയാണ് പരിക്ക്. ഒടുവില്‍ എസി മിലാനില്‍ എത്തുമ്പോഴേക്കും എരിഞ്ഞടങ്ങുകയായിരുന്നു അയാൾ.

ക്ലബുകളില്‍ നിന്ന് ക്ലബുകളിലേക്ക് കൂടുമാറുമ്പോഴും റോണോ സാംബ താളം കൈവിട്ടിരുന്നില്ല. മൈതാനം നിറഞ്ഞ് ഗോളടിച്ച് കൂട്ടിയ റൊണാൾഡോ നേടിയ കിരീടങ്ങൾ അതിന് സാക്ഷിയാണ്. മെസി തന്‍റെ ആദ്യ ലോക ഫുട്ബോളർ പുരസ്കാരം നേടിയ പ്രായത്തിൽ റോണാള്‍ഡോ എന്ന ബ്രസീലിയൻ ഇതിഹാസം ആ നേട്ടത്തിൽ രണ്ട് തവണ മുത്തമിട്ട് കഴിഞ്ഞിരുന്നു എന്നത് ഒട്ടും അതിശയോക്‌തിയുമല്ല.

റൊണാള്‍ഡോ ഇന്‍റർമിലാൻ ജേഴ്‌സിയിൽ

വൻ വീഴ്‌ചയില്‍ നിന്ന്

1998.... കാലപ്പന്തിന്‍റെ ആവേശം ഫ്രാൻസിലേക്ക് ചുരുങ്ങിയ വർഷം... പ്രതിഭാ സമ്പന്നമായ കാനറി കൂട്ടത്തിൽ റോണാള്‍ഡോ തന്നെ ആയിരുന്നു ശ്രദ്ധ കേന്ദ്രം. സമ്മർദമേറയുണ്ടായിരുന്ന മത്സരങ്ങളിൽ ഗോളടിച്ചും ഗോളടിപ്പിച്ചും അയാള്‍ കാനറികളെ ചിറകിലേറ്റി. നാല് ഗോളുകള്‍ നേടുകയും, മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത റോണോയുടെ ചിറകിലേറി ബ്രസീൽ കലാശപ്പോരിന്. ഫ്രാൻസിന് മുമ്പിൽ റോണോ മാജിക്ക് പ്രതീക്ഷിച്ച മത്സരത്തിൽ പക്ഷേ കളിതുടങ്ങും മുമ്പേ ആരാധകര്‍ ഞെട്ടി. ഫൈനൽ ടീം ലിസ്റ്റിൽ റൊണാള്‍ഡോ ഇല്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആശങ്കയുടെ നിമിഷങ്ങള്‍.

തലേ ദിവസം ഉണ്ടായ അപസ്മാരമായിരുന്നു കാരണം. പക്ഷേ കളി തുടങ്ങുന്നതിന് മുമ്പ് ഫിഫയുടെ പ്രത്യേക അനുമതി വാങ്ങി റോണോ കളത്തിലേക്ക്. എന്നാൽ അപ്രതീക്ഷിത അപസ്മാരകം അയാളെ തളർത്തിയിരുന്നു. മൈതാനത്തെ മദം പൊട്ടിയ ഒറ്റയാൻ നിഴൽ മാത്രമായി. ഫ്രാൻസ് ലോകകപ്പിൽ മുത്തമിട്ടു. രണ്ടാമതും ലോക ഫുട്‌ബോളറായെങ്കിലും ഫൈനലിലെ തോല്‍വി മായാത്ത മുറിവായിരുന്നു.

1999 നവംബർ 21.... സ്വപ്നങ്ങള്‍ വീണുടയുന്നു. ലീസിനെതിരായ മത്സരത്തിൽ കരിയറിലെ ഏറ്റവും വലിയ പരിക്ക് അയാളെ തേടിയെത്തി. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് ആറ് മാസത്തിന് ശേഷമാണ് റൊണാള്‍ഡോ മൈതാനത്തേക്ക് മടങ്ങിയെത്തിയത്. എന്നാൽ ആ സാംബ താളത്തിന് ഏഴ് മിനിറ്റ് മാത്രമാണ് ൈമതാനം അവസരം നൽകിയത്. സീരി എയിൽ

മധ്യ നിരയിൽ നിന്ന് ലാസിയോയ്ക്കെതിരെ ഇന്‍റർമിലാൻ ജെഴ്സിയിൽ പന്തുമായി കുതിച്ച റോണോ പെനാൽറ്റി ബോക്സിന് തൊട്ടുമുമ്പിൽ കുഴഞ്ഞു വീണു. ഇരുകൈകളും വലതുകാൽ മുട്ടിൽ മുറുക്കി പിടിച്ച് അയാള്‍ ഉറക്കെ കരഞ്ഞു. സ്ട്രക്‌ച്ചറില്‍ അയാളെ പുറത്തേക്ക് കൊണ്ടുപോയി. രണ്ട് വർഷം അയാള്‍ക്ക് കളിക്കളം അന്യമായി. ശസ്ത്രക്രിയകളും, ചികിത്സകളും അയാളെ തളർത്തി. കളിക്കളത്തിലേക്ക് മടങ്ങാനുള്ള സാധ്യതകള്‍ തള്ളി ഡോക്ടമാർ വിധിയെഴുതി. പക്ഷേ ഫുട്‌ബോള്‍ എന്ന ജീവശ്വാസം അയാള്‍ക്ക് അടർത്തി മാറ്റാനാവുന്നതായിരുന്നില്ല.

പരിക്കേറ്റ റൊണാള്‍ഡോ

അയാള്‍ തിരിച്ചെത്തി. എല്ലാവരെയും അതിശയിപ്പിച്ച്.

2002 ബ്രസീല്‍ ലോകകപ്പ് ടീമിൽ റൊണാള്‍ഡോ ഇടം പിടിച്ചു. പക്ഷേ രണ്ട് വർഷം പരിശീലനമില്ലാത്ത ശരീരം തടിച്ചിരുന്നു. പഴയ വേഗമില്ല. എന്നാൽ കളിക്കളത്തിൽ അയാള്‍ക്ക് പകരം വെക്കാൻ ആരുമുണ്ടായിരുന്നില്ല. പരിക്കുകളെ മറന്ന് റോണോ മൈതനാത്ത് കുതിച്ചു. റോണോയുടെ ചിറകിലേറി ബ്രസീൽ ഒരിക്കല്‍ കൂടി ഫൈലിൽ.

2002ജൂണ്‍ 30.. ജപ്പാനിലെ യോക്കോഹാമ സ്റ്റേഡിയം...

ലോക കീരിടത്തിനായി ജർമനിയും ബ്രസീലും നേർക്കുനേർ.. ജർമ്മൻ വല കാക്കാൻ ഒലിവർഖാൻ. പരിക്കുകളിൽ നിന്ന് മോചിതനായി കളത്തിലേക്ക് തിരിച്ചെത്തിയ റൊണാള്‍ഡോ തന്നെയായിരുന്നു മറുവശത്ത് ശ്രദ്ധാകേന്ദ്രം. 23-ാം മിനിറ്റിൽ ആ പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചു.

മധ്യഭാഗത്തിന് തൊട്ട് മുമ്പിൽ നിന്ന് പന്തുമായി കുതിച്ച റിവാള്‍ഡോ ജർമ്മൻ വലയിലേക്ക് തന്‍റെ ഇടങ്കാലൻ ഷോട്ട് ഉതിർത്തു. എന്നാൽ കണക്കുകൂട്ടി നിന്ന ഒലിവർഖാൻ പന്ത് തട്ടി അകറ്റി. എന്നാൽ ഓടിയടുത്ത റോണാള്‍ഡോയ്ക്ക് മുമ്പിൽ ഒലിവർഖാൻ എന്ന അതികായന് പിഴച്ചു. ഖാനേയും മറികടന്ന് പന്ത് വലയ്ക്കുള്ളിൽ. 33 ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് തൊട്ടുമുമ്പിൽ നിന്ന് തന്‍റെ കേർവിങ്ങ് ഷോട്ടിലൂടെ റോണോ വീണ്ടും വല കുലുക്കി. ടൂർണമെന്‍റിൽ ഒരു ഗോള്‍ മാത്രം വഴങ്ങി മുന്‍നിരക്കാർക്ക് മുമ്പിൽ ഉരുക്ക് കോട്ട തീർത്ത സാക്ഷാൽ ഒലിവർ ഖാനും റൊണാള്‍ഡോയ്ക്ക് മുമ്പിൽ മുട്ടുമടക്കിയ നിമിഷം.

ലോക കിരീടത്തിനപ്പുറം വിമർശകർക്കുളള മറുപടി കൂടിയായിരുന്നു റൊണാള്‍ഡോ ജപ്പാനിൽ നേടിയെടുത്തത്. ലോകകപ്പ് ഗോൾഡൻ ബൂട്ട് മാത്രമായിരുന്നില്ല, സ്വന്തം പ്രതിഭയുടെ പകുതി മാത്രമായി ഇറങ്ങിയപ്പോഴും ബാലണ്‍ ഡി ഓർ പുരസ്ക്കാരവും, ഫിഫ ലോക ഫുട്‌ബോളർ പട്ടവും അതേ വർഷം റൊണാള്‍ഡോയെ തേടിയെത്തി.

മൂന്ന് തവണ ലോക ഫുട്‌ബോളർ, രണ്ട് തവണ ബാലോണ്‍ ഡി ഓർ, സുവർണപാദുകവും, ലോകകപ്പ് ഗോള്‍ഡൻ ബൂട്ടും, ഗോള്‍ഡൻ ബോളും, യുവേഫ ക്ലബ് ഫുട്‌ബോളർ, യൂറോപ്പ്യൻ ഗോള്‍ഡൻ ഷൂ, സീരി എ ഫുട്‌ബോളർ, രണ്ട് ലോകകപ്പ് കിരീടം.... പാതിവഴിയിൽ പരിക്ക് വില്ലനായപ്പോഴും അയാള്‍ക്ക് മുമ്പിൽ സ്വന്തമാക്കാൻ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല.

റൊണാള്‍ഡോ ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് ശേഷം

പ്രിയ റോണോ നിങ്ങളാണ്, നിങ്ങൾ മാത്രമാണ്...

കളിക്കളത്തിൽ മദം പൊട്ടിയ ഒറ്റയാനെ പോലെ അയാള്‍ കുതിച്ചു. മുമ്പിൽ വന്ന വമ്പൻമാരേയെല്ലാം നിക്ഷ്പ്രഭമാക്കി. ഇടങ്കാലിൽ നിന്നും വലം കാലിൽ നിന്നും ഗോള്‍ മുഖത്തേക്ക് വെടിയുണ്ടകള്‍ പായിച്ചു. കുതിച്ചെത്തുന്ന ബ്രസീലിയൻ കാളകൂറ്റൻ എപ്പോഴാണ് പോസ്റ്റിലേക്ക് പന്ത് തൊടുക്കുക എന്ന് ദൈവത്തിന് പോലും പ്രവചിക്കാനാകുമായിരുന്നില്ല.

ഏത് പ്രതിരോധകോട്ടയും തകർത്തെറിഞ്ഞ് ഇരമ്പി കയറുന്ന റോണോ ഇതിഹാസങ്ങളുടെ പട്ടികയിലെ അദ്യ സ്ഥാനകാരാനാകേണ്ടവനായിരുന്നു. പക്ഷേ കാലം കാത്തു വെച്ചത് മറ്റൊന്നായിരുന്നു. വിരിയും മുമ്പേ അയാള്‍ കൊഴിഞ്ഞുപോയി.. പക്ഷേ റോണോ നിങ്ങളാണ്, നിങ്ങൾ മാത്രമാണ് ഓരോ കാല്‍പന്ത് മൈതാനത്തും നിറയുന്ന യഥാർഥ ആവേശം. ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റതാരമായി നിങ്ങൾ തന്നെയാണ് എന്നും ലോകത്തിന്‍റെ മനസില്‍ നിറയുക. അതിനിടെയില്‍ ദൈവങ്ങളും വാഴ്‌ത്തപ്പെട്ടവരും ആഘോഷിക്കപ്പെടും. പക്ഷേ നിങ്ങൾ സമ്മാനിച്ച ഗോൾ നിമിഷങ്ങൾക്ക് മുന്നില്‍ അവരും വിസ്‌മയത്തോടെ നോക്കി നില്‍ക്കും.

ഹാപ്പി ബെർത്ത് ഡേ ഡിയർ റൊണാള്‍ഡോ ലൂയിസ് നസാരിയോ ഡി ലിമ...

Last Updated : Sep 18, 2021, 12:57 PM IST

ABOUT THE AUTHOR

...view details