മിലാന്‍: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചൊവ്വാഴ്‌ച മുതല്‍ ഇറ്റാലിയന്‍ സീരി എയിലെ പരിശീലന പരിപാടിയുടെ ഭാഗമായേക്കുമെന്ന് സൂചന. യുവന്‍റസ് താരമായ റൊണാൾഡോ നിലവില്‍ ക്വാറന്‍റയിനില്‍ കഴിയുകയാണ്. കൊവിഡ് 19 ലോക്ക്‌ഡൗണ്‍ കാരണം റോണാൾഡോ രണ്ട് മാസത്തോളം സ്വദേശമായ മദേരിയയിലായിരുന്നു. ഇറ്റാലിയന്‍ സീരി എയില്‍ പരിശീലന പരിപാടി പുനരാരംഭിച്ചതോടെ റൊണാൾഡോയെ ലീഗിലെ വമ്പന്‍മാരായ യുവന്‍റസ് തിരിച്ചു വിളിക്കുകയായിരുന്നു. ഇറ്റലിയില്‍ തിരിച്ചെത്തിയ റൊണാൾഡോ 14 ദിവസത്തെ ക്വാറന്‍റയിനില്‍ പോവുകയും ചെയ്‌തു. കുടുംബസമേതമാണ് റൊണാൾഡോ ലീഗില്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി മെയ് അഞ്ചാം തീയതി ഇറ്റലിയില്‍ തിരിച്ചെത്തിയത്. യുവന്‍റസിന്‍റെ മറ്റ് ടീം അംഗങ്ങൾ ഇതിനകം പരിശീലനം പുനരാരംഭിച്ച് കഴിഞ്ഞു.
റൊണാൾഡോ ചൊവ്വാഴ്‌ച മുതല്‍ പരിശീലനം തുടങ്ങിയേക്കും - സീരി എ വാർത്ത
യുവന്‍റസ് തിരിച്ച് വിളിച്ചതിനെ തുടർന്ന് മെയ് അഞ്ചാം തീയതി ഇറ്റലിയില്‍ തിരികെ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 14 ദിവസത്തെ ക്വാറന്‍റയിനില്‍ പ്രവേശിക്കുകയായിരുന്നു
റൊണാൾഡോ
അതേസമയം തിങ്കളാഴ്‌ച മുതല്‍ ടീം അംഗങ്ങൾക്ക് ഒരുമിച്ച് പരിശീലനം നടത്താന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസെപ്പെ കോന്തെ അനുമതി നല്‍കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകൾ തൃപ്‌തികരമായി നടപ്പാക്കാതെ ലീഗ് പുനരാരംഭിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.