ബേൺ (സ്വിറ്റ്സർലൻഡ്) : യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പുതുചരിത്രം കുറിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡാണ് ക്രിസ്റ്റ്യാനോ നേടിയത്.
പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ യങ് ബോയ്‌സിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളത്തിലിറങ്ങിയതോടെയാണ് താരത്തിന്‍റെ നേട്ടം. നിലവില്‍ 177 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ, റയലിന്‍റെ ഇതിഹാസ ഗോള്‍കീപ്പര്‍ ഇകെര്‍ കസിയസുമായി റെക്കോഡ് പങ്കിടുകയാണ് ചെയ്യുന്നത്.
ചാമ്പ്യന്‍സ് ലീഗിലെ അടുത്ത മത്സരത്തില്‍ കളിച്ചാല്‍ താരത്തിന് കസിയസിനെ മറികടന്ന് ഈ നേട്ടം സ്വന്തം പേരില്‍ മാത്രം കുറിക്കാം. ക്രിസ്റ്റ്യാനോയുടെ കരിയറിലെ 19ാം ചാമ്പ്യന്‍സ് ലീഗ് സീസണാണ് നിലവില്‍ പുരോഗമിക്കുന്നത്. ഇതിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്‍റസ് എന്നീ ക്ലബുകള്‍ക്ക് വേണ്ടിയാണ് താരം ബൂട്ട് കെട്ടിയത്.