ബ്രസല്‍സ്: റോബര്‍ട്ടോ മാര്‍ട്ടിനസ് 2022-ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് വരെ ബെല്‍ജിയത്തിന്‍റെ പരിശീലകനായി തുടരുമെന്ന് സൂചന. സ്‌പാനിഷുകാരനായ റോബര്‍ട്ടോ മാര്‍ട്ടിനസുമായുള്ള ബെല്‍ജിയത്തിന്‍റെ കരാര്‍ 2022 വരെ നീട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബെല്‍ജിയം ഫുട്‌ബോള്‍ അസോസിയേഷന്‍ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
റോബര്‍ട്ടോ മാര്‍ട്ടിനസ് 2022 വരെ ബെല്‍ജിയത്തെ കളി പഠിപ്പിക്കും
നിലവില്‍ ഫിഫ റാങ്കങ്ങില്‍ ബെല്‍ജിയം ഒന്നാം സ്ഥാനത്താണ്
നേരത്തെ ഈ വര്‍ഷത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് വരെ 46 വയസുള്ള മാര്‍ട്ടിനസിന് ബെല്‍ജിയവുമായി കരാറുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് 19-നെ തുടർന്ന് ചാമ്പ്യന്‍ഷിപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഇതോടെ ചാമ്പ്യന്‍ഷിപ്പ് വരെ ബെല്‍ജിയത്തിന്‍റെ പരിശീലകനായി തുടരാന്‍ മാര്‍ട്ടിനസ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, റഷ്യ എന്നിവർക്കൊപ്പമാണ് ബെല്‍ജിയം മാറ്റുരക്കുക. നേരത്തെ ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള 10 യോഗ്യതാ മത്സരങ്ങളും ബെല്‍ജിയം വിജയിച്ചിരുന്നു. ഇതില്‍ 40 ഗോളുകൾ നേടുകയും മൂന്ന് ഗോളുകൾ മാത്രം വഴങ്ങുകയും ചെയ്‌തു. മാര്‍ട്ടിനസിന്‍റെ ശിക്ഷണത്തില്‍ ബെല്‍ജിയം കഴിഞ്ഞ ലോകകപ്പില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. നിലവില്‍ ഫിഫ റാങ്കങ്ങില്‍ ഒന്നാം സ്ഥാനത്താണ് ബെല്‍ജിയം.