53 വര്‍ഷത്തെ ഇടവേള മായ്ചാണ് ഇറ്റലി വീണ്ടും യൂറോപ്പിന്‍റെ രാജാക്കന്മാരായത്. 2018ലെ ലോക കപ്പിന് യോഗ്യത പോലും നേടാനാവാത്ത നാണക്കേടില്‍ നിന്നും മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം യൂറോ കിരീടത്തിലേക്ക് ഒരു അവിശ്വസനീയ കുതിപ്പ്. ഈ കുതിപ്പിന് ഇന്ധനമായതാവാട്ടെ റോബർട്ടോ മാൻസീനി എന്ന മാന്ത്രികനും.
നാലുതവണ വിശ്വകിരീടം ചൂടിയ അസൂറിപ്പടയ്ക്ക് ലോക കപ്പ് യോഗ്യത പോലും നേടാനാവാത്തത് ടീമിന്‍റെ ആരാധകര്‍പ്പുറം ഫുട്ബോള്‍ ലോകത്തിന് തന്നെ നിരാശ സമ്മാനിച്ചിരുന്നു. ഇവിടെ നിന്നുമാണ് മാൻസീനി എന്ന മാന്ത്രികന്‍ പണി തുടങ്ങുന്നത്. തീര്‍ത്തും തകര്‍ന്നടിഞ്ഞ ഒരു ടീമിനെ മൂന്ന് വര്‍ഷം എന്ന ചുരുങ്ങിയ കാലം കൊണ്ട് ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയാണ് മാന്‍സിനി കരുത്ത് കാട്ടിയത്.
also read: ലൂക്ക് ഷായുടെ അതിവേഗ ഗോളിന് ഗാലറിയിൽ തമ്പ്‌സ് അപ്പ് നൽകി ടോം ക്രൂയ്‌സും ബെക്കാമും
'ഇറ്റലിയെ അത് അര്‍ഹിക്കുന്ന സ്ഥാനത്ത് എത്തിക്കുകയാണ് എന്‍റെ ലക്ഷ്യം. യൂറോപ്പിന്‍റേയും ലോകത്തിന്‍റേയും നെറുകയില്‍. അടുത്ത കാലത്തായി ഒരു യൂറോപ്യന്‍ കിരീടം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അത് നേടിയെടുക്കുകയെന്നതാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം.' 2018ല്‍ ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെ മാന്‍സീനി പറഞ്ഞ വാക്കുകളാണിത്. ഇന്ന് മാന്‍സീനി വാക്ക് പാലിച്ചു. അസൂറികളുടെ 2000ത്തിലേയും 2012ലേയും കണ്ണീരിന് പ്രായശ്ചിത്വവും ചെയ്തു.
മാന്‍സീനിയുടെ ഇറ്റലി
കൂടുതലായും പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ടീമിനെ ഉടച്ച് വാര്‍ത്താണ് മാന്‍സീനി തന്‍റെ സംഘത്തെ മിനുക്കിയെടുത്തത്. എതിരാളികള്‍ക്ക് മുമ്പിൽ പ്രതിരോധ കോട്ടകെട്ടി നിലയുറപ്പിച്ചിരുന്ന ഇറ്റാലിയൻ ശൈലിയെ ആക്രമണ ഫുട്ബോളിന്‍റെ കളിയഴകിലേക്ക് എത്തിച്ചത് മൻസീനി എന്ന മാന്ത്രികന്‍റെ കരങ്ങളാണ്. യുവ കളിക്കാരില്‍ വിശ്വാസം പ്രകടിപ്പിച്ച കോച്ച് ആക്രമണ ഫുട്ബോളിന്‍റെ പാഠങ്ങളും ടീമിന് പകര്‍ന്ന് നല്‍കി.