മാഡ്രിഡ്: സ്പെയ്ൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകനായി റോബർട്ട് മൊറേനോയെ നിയമിച്ചു. പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ലൂയിസ് എന്‍റിക്വെയ്ക്ക് പകരക്കാരനായാണ് മൊറേനോ എത്തിയത്. വ്യക്തിപരമായ കാരണങ്ങളാണ് എന്‍റിക്വെ സ്ഥാനമൊഴിയാൻ കാരണം.
എന്‍റിക്വെ പടിയിറങ്ങി; സ്പെയ്‌നിനെ ഇനി മൊറേനോ നയിക്കും - സ്പെയ്ൻ
2020 യൂറോയുടെ അവസാനം വരെ മൊറേനോയാകും പരിശീലകൻ എന്ന് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് ലൂയിസ് റുബിയാലെസ് അറിയിച്ചു
സ്പെയ്ൻ ടീമിന്‍റെ പരിശീലകനായി തുടരാൻ താത്പര്യമില്ലെന്ന് എന്‍റിക്വെ അറിയിച്ചതായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ഇതേതുടർന്നാണ് 41കാരനായ മൊറേനോയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചത്. 2020 യൂറോയുടെ അവസാനം വരെ മൊറേനോയാകും പരിശീലകൻ എന്ന് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് ലൂയിസ് റുബിയാലെസ് അറിയിച്ചു. എന്‍റിക്വെയുടെ സഹായിയായിരുന്നു മൊറേനോ. കഴിഞ്ഞ ലോകകപ്പിന്‍റെ തുടക്കം മുതല്‍ സ്പെയ്ൻ പരിശീലകരെ മാറ്റി കൊണ്ടിരിക്കുകയാണ്. ലോകകപ്പിന് തൊട്ടുമുമ്പ് ജുലൻ ലോപ്റ്റേഗിയെ പുറത്താക്കിയതോടെയാണ് എന്‍റിക്വെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. യൂറോ യോഗ്യത മത്സരത്തിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച സ്പെയ്ൻ മികച്ച ഫോമിലാണ്. മൊറേനോയുടെ കീഴില്‍ അവസാനത്തെ മൂന്ന് മത്സരങ്ങളിലും ജയിച്ച സ്പെയ്ൻ സെപ്റ്റംബറില്‍ നടക്കുന്ന നാലാം യൂറോ യോഗ്യത മത്സത്തില്‍ റൊമാനിയയെ നേരിടും.