പാരീസ്: പോളണ്ട് ക്യാപ്റ്റന്‍ റോബർട്ട് ലെവാൻഡോസ്‌കിക്ക് ബാലൺ ദ്യോർ പുരസ്‌കാരം ലഭിച്ചേക്കും. കൊവിഡിനെ തുടര്‍ന്ന് 2020ല്‍ നല്‍കാതിരുന്ന പുരസ്‌ക്കാരം താരത്തിന് നൽകിയേക്കും എന്ന സൂചനയുമായി ഫ്രാൻസ് ഫുട്‌ബോൾ മാഗസിന്‍ എഡിറ്റർ ഇൻ ചീഫ് പാസ്‌കൽ ഫെറെയാണ് രംഗത്തെത്തിയത്.
ജർമൻ മാധ്യമമായ ബുലിന്യൂസിന്‍റെ പ്രതിനിധി വാട്‌സണ് നല്‍കിയ അഭിമുഖത്തിലാണ് ഫെറെ ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഏഴാം പുരസ്‌കാരം സ്വീകരിച്ച് സൂപ്പര്‍ താരം ലയണ്‍ മെസി നടത്തിയ പ്രസംഗമാണ് ഫ്രാന്‍സ് ഫുട്‌ബോളിനെ ചിന്തിപ്പിച്ചിരിക്കുന്നത്.
''മെസി പറഞ്ഞ കാര്യങ്ങള്‍ മികച്ചതും ബുദ്ധിപരവുമായിരുന്നു. എന്നാല്‍ വിഷയത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കേണ്ടതില്ലെന്നാണ് ഞാൻ കരുതുന്നത്. നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കാം. അതേസമയം, ജനാധിപത്യത്തെ പിന്‍പറ്റി വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ബാലൺ ദ്യോറിന്‍റെ ചരിത്രത്തെ ബഹുമാനിക്കുകയും വേണം.
കഴിഞ്ഞ വര്‍ഷം (2020-ൽ) ലെവാൻഡോസ്‌കി തന്നെയാണോ പുരസ്‌ക്കാരം നേടേണ്ടിയിരുന്നത് എന്ന കാര്യത്തിൽ ഞങ്ങൾക്കുറപ്പില്ല. കാരണം വോട്ടെടുപ്പ് നടന്നിട്ടില്ല. പക്ഷെ സത്യം പറയുകയാണെങ്കില്‍ ആ പുരസ്‌കാരത്തിന് ലെവാൻഡോസ്‌കിക്ക് അര്‍ഹതയുണ്ട്''. പാസ്‌കൽ ഫെറെ പറഞ്ഞു.