ന്യൂഡല്‍ഹി:കളിയെ ആത്മാര്‍ത്ഥമായി സമീപിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആധുനിക കാലത്തെ മികച്ച അത്‌ലറ്റാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. ഇറ്റാലിയന്‍ സീരി എയിലെ കിരീട നേട്ടത്തിന് പിന്നാലെയാണ് റൊണാള്‍ഡോയെ പ്രശംസിച്ച് പെലെ രംഗത്ത് വന്നത്.
സിരീ എയില്‍ കിരീടം നിലനിര്‍ത്തി; ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് പെലെ - pele news
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസിന്‍റെ ഭാഗമായ ശേഷം തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ് ക്ലബ് സീരി എ കിരീടം സ്വന്തമാക്കുന്നത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പെലെ സൂപ്പര്‍ താരത്തെ പുകഴ്‌ത്തിയത്. നേരത്തെ സാംപ്ഡോറിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലുള്ള യുവന്‍റസ് സീരി എ കപ്പ് സ്വന്തമാക്കിയത്. സാംപ്‌ഡോറിയെക്കെതിരെ ആദ്യ ഗോള്‍ സ്വന്തമാക്കിയത് റൊണാള്‍ഡോ ആയിരുന്നു. താല്‍പര്യത്തോടെയും ആത്‌മാര്‍ത്ഥമായും പരിശ്രമിക്കുന്നവരെ തേടി വിജയമെത്തുമെന്ന് പെലെ കുറിച്ചു. യുവന്‍റസിന്‍റെ ഭാഗമായ ബ്രസീലിയന്‍ താരങ്ങളെ അഭിനന്ദിക്കാനും പെലെ മറന്നില്ല.
തുടര്‍ച്ചയായ ഒമ്പതാമത്തെ സീരി എ കിരീടമാണ് യുവന്‍റസ് ഈ സീസണില്‍ സ്വന്തമാക്കിയത്. സീസണില്‍ ഇതിനകം യുവന്‍റസിന് വേണ്ടി റൊണാള്‍ഡോ 31 ഗോള്‍ സ്വന്തമാക്കി. കിരീടം സ്വന്തമാക്കിയ ശേഷം രണ്ട് മത്സരങ്ങള്‍ കൂടി യുവന്‍റസിന് ബാക്കിയുണ്ട്. കൊവിഡ് 19 ലോക്ക് ഡൗണിന് ശേഷം റൊണാള്‍ഡോ 10 ഗോളുകള്‍ യുവന്‍റസിന് വേണ്ടി സ്വന്തമാക്കി. കാഗ്‌ലിയാരിക്കെതിരെയാണ് ലിഗില്‍ യുവന്‍റസിന്‍റെ അടുത്ത മത്സരം.