ലണ്ടന്‍: ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണയെ 1990 ലോകകപ്പ് ഫൈനലിന് മുമ്പേ പുറത്താക്കാന്‍ ആഗ്രഹിച്ചിരുന്നതായി റഫറി എഡ്‌ഗാഡോ കൊഡലിന്‍റെ വെളിപ്പെടുത്തല്‍. പശ്ചിമ ജർമ്മനിയും അർജന്‍റീനയും തമ്മിലുള്ള ഫൈനല്‍ മത്സരത്തെ കുറിച്ചാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍. കൊഡലായിരുന്നു മത്സരത്തിലെ റഫറി. കിക്കോഫിന് മുമ്പേ മറഡോണയെ പുറത്താക്കാന്‍ ആഗ്രഹിച്ചതായി കൊഡല്‍ പറഞ്ഞു. ഫൈനലിന് മുമ്പ് ദേശീയഗാനങ്ങൾ ആലപിക്കുമ്പോൾ മറഡോണ ഏറെ കളിയാക്കിയെന്നും അസഭ്യവർഷം നടത്തിയെന്നും കോഡൽ ആരോപിച്ചു.
മറഡോണക്കെതിരെ ഗുരുതര ആരോപണവുമായി റഫറി എഡ്‌ഗാഡോ കൊഡല്‍
1990ലെ ഫിഫ ലോകകപ്പ് ഫൈനലില്‍ അർജന്‍റീന ഏകപക്ഷീയമായ ഒരു ഗോളിന് പശ്ചിമ ജർമ്മനിയോട് പരാജയപ്പെട്ടു
പശ്ചിമ ജർമ്മനി ഫൈനലിൽ 1-0ന് വിജയിച്ചു. രണ്ട് കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് അർജന്‍റീന ഒമ്പത് പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. പെഡ്രോ മോൺസോണിന് ചുവപ്പ് കാർഡ് ലഭിച്ചു. ഇതേ തുടർന്ന് ലഭിച്ച പെനാല്‍റ്റി അവസരം മുതലാക്കി പശ്ചിമ ജർമനി വിജയിച്ചു. മോണ്‍സോണിന് ചുവപ്പ് കാർഡ് കാണിക്കുന്നതിനിടെ മറഡോണ തന്നെ കള്ളൻ എന്ന് വിളിച്ചെന്നും കൊഡൽ ആരോപിച്ചു. അതേസമയം അന്ന് ഫൈനലിലെ തോൽവിക്ക് ശേഷം റഫറിക്കെതിരെ ആരോപണങ്ങളുമായി മറഡോണ രംഗത്ത് വന്നിരുന്നു. കോഡലിന് ഇറ്റലിക്കാരെ സന്തോഷിപ്പിക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഒരു ആരോപണം. അതുകൊണ്ടാണ് 85-ാം മിനുട്ടിൽ അർജന്‍റീനക്ക് എതിരെ പെനാൽറ്റി നൽകിയതെന്നും പശ്ചിമ ജർമ്മനിക്ക് കിരീടം നേടാനായതെന്നും മറഡോണ കുറ്റപ്പെടുത്തി.