ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്‍മാരായ ലീവർപൂൾ വ്യാഴാഴ്‌ച മുതല്‍ പരിശീലനം പുനരാരംഭിച്ചു. ഇപിഎല്ലിലെ ശേഷിച്ച മത്സരങ്ങൾ ജൂണ്‍ മാസത്തോടെ പുനരാരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ചെമ്പട പരിശീലനം ആരംഭിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് കളിക്കാരെല്ലാം ഫിറ്റസ് നിലനിർത്താന്‍ ശ്രമിച്ചത് ആശ്വാസകരമാണെന്ന് ലിവർപൂൾ പരിശീലകന്‍ യൂർഗന്‍ ക്ലോപ്പ് പറഞ്ഞു. ലീഗിലെ അടുത്ത സീസണ് വേണ്ടിയുള്ള തയ്യാറെടുപ്പായാണ് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെ കാണുന്നത്. സീസണ്‍ അവസാനിച്ച ശേഷം അടുത്ത സീസണ്‍ ആരംഭിക്കാന്‍ ചെറിയ ഇടവേള മാത്രമെ ലഭിക്കൂവെന്നും യൂർഗന്‍ ക്ലോപ്പ് പറഞ്ഞു. നിലവില്‍ ഇപിഎല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണ് ലിവർപൂൾ. രണ്ടാം സ്ഥാനക്കാരായ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 25 പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് ലിവർപൂളിന് ഉള്ളത്.
ഇപിഎല്ലില്‍ ചെമ്പട പരിശീലനം പുനരാരംഭിച്ചു - liverpool news
ലീഗിലെ അടുത്ത സീസണ് വേണ്ടിയുള്ള തെയാറെടുപ്പായാണ് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെ കാണുന്നതെന്ന് ലിവർപൂൾ പരിശീലകന്‍ യൂർഗന്‍ ക്ലോപ്പ്
അതേസമയം ഇപിഎല്‍ ക്ലബുകൾക്കിടയില്‍ കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് 19 ടെസ്റ്റില്‍ ആറ് പേർക്ക് പോസിറ്റീവ് റിസല്‍ട്ട് ലഭിച്ചിരുന്നു. വാറ്റ്‌ഫോർഡിലെ കളിക്കാർ ഉൾപ്പെടെ മൂന്ന് പേർക്കും ബേണ്‍ലിയിലെ അസിസ്റ്റന്‍ഡ് മാനേജർക്കും ഉൾപ്പെടെയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. പരിശീലനം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായാണ് ക്ലബുകൾ കൊവിഡ് 19 ടെസ്റ്റ് നടത്തിയത്. ഇപിഎല്‍ ജൂണ്‍ മാസത്തില്‍ പുനരാരംഭിക്കാനാണ് നിലവില്‍ നീക്കം നടക്കുന്നത്. ജർമന്‍ ബുണ്ടസ് ലീഗയും ദക്ഷിണകൊറിയന്‍ കെ ലീഗും ഉൾപ്പെടെയുള്ള ആഭ്യന്തര ഫുട്‌ബോൾ ലീഗുകൾ ഇതിനകം പുനരാരംഭിച്ചു കഴിഞ്ഞു.