ലണ്ടന്‍:കൊവിഡ് 19നെ തുടർന്ന് നീട്ടിവെച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ എന്ന് തുടങ്ങാനാകുമെന്ന് തീരുമാനിക്കാന്‍ ലീഗിലെ ക്ലബ് അംഗങ്ങൾ യോഗം ചേർന്നു. എന്നാല്‍ ഏപ്രില്‍ 17-ന് ചേർന്ന യോഗത്തില്‍ മത്സരം എന്ന് പുനരാരംഭിക്കാനാകുമെന്ന കാര്യത്തില്‍ തീരുമാനം ആയില്ല. ലീഗിലെ 20 ക്ലബുകളുടെയും പ്രതിനിധികൾ യോഗത്തില്‍ പങ്കെടുത്തു. ലീഗിലെ ഈ സീസണില്‍ ശേഷിക്കുന്ന 92 മത്സരങ്ങൾ ജൂണ്‍ 30-ന് മുമ്പ് പൂർത്തിയാക്കുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്‌തു. സീസണിലെ മത്സരങ്ങൾ പൂർത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ 1.2 ബില്ല്യണ്‍ യുഎസ് ഡോളറിന്‍റെ ഭീമമായ നഷ്‌ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 9,180 കോടി ഇന്ത്യന്‍ രൂപവരും ഈ തുക.
ചെമ്പടക്ക് ആശ്വാസം; പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിച്ചേക്കും - കൊവിഡ് 19 വാർത്ത
അനുകൂല സാഹചര്യത്തില്‍ സർക്കാരിന്‍റെ പൂർണ പിന്തുണയോടെ മാത്രമെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തുകയുള്ളൂവെന്ന് അധികൃതർ
നിലവില്‍ കൊവിഡ് 19 ബാധയെ തുടർന്ന് ഇംഗ്ലണ്ടില്‍ ലോക്ക് ഡൗണ്‍ തുടരുകയാണ്. മെയ് മൂന്ന് വരെയാണ് ഇംഗ്ലണ്ടില്‍ ലോക്ക് ഡൗണ്‍. നിലവിലെ സാഹചര്യത്തില്‍ കളിക്കാരുടെയും പരിശീലകരുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്‍റെ തീരുമാനങ്ങൾക്ക് അനുസരിച്ച് മാത്രമെ മത്സരം പുനരാരംഭിക്കൂ. സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്ന് പ്രീമിയർ ലീഗ് വക്താവ് പറഞ്ഞു. അനുകൂല സാഹചര്യത്തില്‍ സർക്കാരിന്‍റെ പൂർണ പിന്തുണയോടെ മാത്രമെ ലീഗിലെ ശേഷിക്കുന്ന മത്സരം നടത്തൂവെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിലവില്‍ ലീഗില്‍ 82 പോയിന്‍റുമായി ലിവർപൂൾ ബഹുദൂരം മുന്നിലാണ്. 57 പോയിന്‍റുള്ള നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ട് ജയം കൂടി ലഭിച്ചാല്‍ ചെമ്പടക്ക് കിരീടം സ്വന്തമാക്കാം.