മാഡ്രിഡ് : ചെൽസി സൂപ്പർതാരം ഈഡൻ ഹസാർഡിനെ ടീമിലെത്തിച്ച് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. 130 മില്ല്യണ്‍ ഡോളറിന് അഞ്ച് വർഷത്തെ കരാറിലാണ് താരം റയലുമായി കരാറിലെത്തിയത്. പരിശീലക സ്ഥാനത്തേക്ക് തിരികെയെത്തിയ സിനദിൻ സിദാൻ റയലിലെത്തിക്കുന്ന പ്രമുഖ താരമാണ് ഹസാർഡ്.
ഹസാർഡ് ഇനി റയൽ മാഡ്രിഡിൽ പന്തുതട്ടും - സിനദിൻ സിദാൻ
130 മില്ല്യണ്‍ ഡോളറിന് അഞ്ച് വർഷത്തെ കരാറിലാണ് താരം റയലിലെത്തിയത്.
ഇംഗ്ലീഷ് ക്ലബ് ചെൽസിക്കായി 352 കളികളിൽ നിന്ന് ബെൽജിയം താരം 110 ഗോൾ നേടിയിട്ടുണ്ട്. രണ്ട് തവണ പ്രീമിയർ ലീഗ് കിരീട നേട്ടത്തിൽ പങ്കുവഹിച്ചപ്പോൾ, രണ്ടുതവണ യൂറോപ്പ ലീഗും ഓരോ എഫ്എ കപ്പ്, ലീഗ് കപ്പ് കിരീട നേട്ടങ്ങളുമുണ്ട് താരത്തിന്‍റെ ചെൽസി കരിയറിൽ. ഇത് നാലാമത്തെ പുതിയ താരമാണ് ട്രാൻസ്‌ഫര്‍ വിൻഡോയിൽ റയലിലെത്തുന്നത്. പോർട്ടോയിൽ നിന്നും എഡർ മിലിറ്റാവോ, എയിൻട്രാച്ച് ഫ്രാങ്ക്ഫുർട്ടിൽ നിന്നും സ്ട്രൈക്കർ ലൂക്കാ ജോവിച്ച്, ലിയോണിൽ നിന്നും ലെഫ്റ്റ് ബാക്ക് ഫെർലൻഡ് മെൻഡി എന്നിവരെയാണ് ലോസ് ബ്ലാൻകോസ് ടീമിലെത്തിച്ചിരിക്കുന്നത്. പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി പുതിയ താരങ്ങളെ ടീമിലെത്തിച്ച് ടീം ഉടച്ചുവാർക്കുകയാണ് സിദാന്‍റെ ലക്ഷ്യം.