സീസണിലെ അവസാന മത്സരത്തിലും റയലിന് തോൽവി - റയൽ മാഡ്രിഡ്
റയൽ ബെറ്റിസിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയല്‍ മാഡ്രിഡിന്‍റെ തോല്‍വി.
ലാലിഗയിലെ അവസാന മത്സരത്തിലും തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ് സീസൺ അവസാനിപ്പിച്ചു. സ്വന്തം ഗ്രൗണ്ടിൽ റയൽ ബെറ്റിസിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ തോൽവി വഴങ്ങിയത്. സമീപകാലത്തെ ഏറ്റവും മോശം സീസണായിരുന്നു ഇത്തവണ റയലിന്‍റേത്. റയലിന്‍റെ മൈതാനമായ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയോടെ കളി അവസാനിപ്പിച്ചെങ്കിലും ബെറ്റിസ് രണ്ടാം പകുതിയിൽ റയലിനെ ഞെട്ടിച്ചു. 61-ാം മിനിറ്റില്‍ ലോറന്‍ മൊറോണും 75-ാം മിനിറ്റില്‍ ജെസെയുമാണ് ബെറ്റിസിനായി ഗോളുകള്‍ നേടിയത്. തോല്‍വിയോടെ റയല്‍ ഈ സീസണിലും മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബാഴ്സലോണ ഒന്നാമതും അത്‌ലറ്റിക്കോ മഡ്രിഡ് രണ്ടാമതുമായാണ് സീസൺ അവസാനിപ്പിച്ചത്.