മാഡ്രിഡ്: എല്‍ക്ലാസിക്കോ ജയത്തോടെ ലാലിഗ ടേബിള്‍ ടോപ്പറായി റയല്‍ മാഡ്രിഡ്. ഇന്ന് പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലായിരുന്നു റയലിന്‍റെ ഇരു ഗോളുകളും. പതിമൂന്നാം മിനിട്ടില്‍ സ്‌പാനിഷ് ഫോര്‍വേഡ് കരീം ബെന്‍സേമയാണ് ആദ്യം വല കുലുക്കിയത്. വലത് വിങ്ങില്‍ നിന്നും ലൂക്കാസ് വാസ്‌ക്വിസ് നല്‍കിയ അസിസ്റ്റ് ഗോള്‍ മുഖത്ത് നിന്നും ബെന്‍സേമ വലയിലെത്തിച്ചു. പതിനഞ്ച് മിനിട്ടിന് ശേഷം ടോണി ക്രൂസ് വീണ്ടും വല കുലുക്കി. ഫ്രീ കിക്കിലൂടെയായിരുന്നു ഗോള്‍. ബാഴ്‌സലോണയുടെ യുറുഗ്വന്‍ സെന്‍റര്‍ ബാക്ക് റൊണാള്‍ഡ് അറൗജോ ബോക്‌സിന് സമീപത്ത് നിന്നും റയലിന്‍റെ വിനിസിയസിനെ ഫൗള്‍ ചെയ്‌തതിനാണ് റഫറി ഫ്രീ കിക്ക് അനുവദിച്ചത്.
ആദ്യ പകുതിക്ക് ശേഷം ഗോള്‍ മടക്കാന്‍ ബാഴ്‌സ നടത്തിയ തുടര്‍ ശ്രമങ്ങള്‍ക്ക് മുന്നില്‍ റയലിന്‍റെ പ്രതിരോധത്തിന് പുറമെ മഴ കൂടി വില്ലനായെത്തി. കനത്ത മഴയില്‍ ബാഴ്‌സയുടെ പാസുകള്‍ പോലും ലക്ഷ്യം കാണാതെ പോയതോടെ മുന്നേറ്റത്തിന്‍റെ മൂര്‍ച്ച കുറഞ്ഞു. ഇതിനിടെ ഓസ്‌കാര്‍ മിന്‍ഗ്വെസയിലൂടെ ബാഴ്‌സ ആശ്വാസ ഗോള്‍ കണ്ടെത്തി. അറുപതാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ഇടത് വിങ്ങില്‍ സൂപ്പര്‍ ഫോര്‍വേഡ് മെസി അപകടകാരിയായി അവതരിച്ചു. മെസി നീട്ടി നല്‍കിയ പാസിലൂടെയാണ് ഗോളവസരത്തിന് തുടക്കമായത്. മെസിയുടെ കാലില്‍ നിന്നും ബോക്‌സിലേക്ക് എത്തിയ പന്ത് വിങ്ങര്‍ ജോഡ്രി ആല്‍ബയുടെ അസിസ്റ്റിലൂടെ ഓസ്‌കാര്‍ വലയിലെത്തിച്ചു.