മാഞ്ചസ്റ്റർ: ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഇടക്കാല മാനേജരായി ജർമ്മൻ പരിശീലകൻ റാൽഫ് റാങ്‌നിക്ക് ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. യുണൈറ്റഡുമായുള്ള കരാറിന് വരും ദിവസങ്ങളില്‍ അന്തിമരൂപം ഉണ്ടാകുമെന്നും അദ്ദേഹത്തിന്‍റെ മാനേജർ വ്യക്‌തമാക്കി. റാങ്‌നിക്ക് നിലവിൽ റഷ്യൻ ക്ലബ് ലോക്കോമോട്ടീവിന്‍റെ സ്‌പോർട്‌സ് ആൻഡ് ഡെവലപ്‌മെന്‍റ് മേധാവിയായി സേവനം അനുഷ്ടിച്ച് വരികയാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡുമായി ആറുമാസത്തെ കരാറാണ് റാങ്‌നിക്ക് ഏറ്റെടുത്തതെന്നാണ് റിപ്പോർട്ടുകൾ. കരാർ അവസാനിക്കുന്നതിന് പിന്നാലെ രണ്ട് വർഷം ടീമിന്‍റെ ഉപദേശകനായി പ്രവർത്തിക്കാൻ റാങ്‌നിക്ക് സമ്മതം മൂളിയതായാണ് വിവരം. റാങ്‌നിക്കിനെ ഇടക്കാല പരിശീലകനായി നിയമിക്കുന്നുണ്ടെങ്കിലും പി.എസ്.ജിയുടെ മുഖ്യ പരിശീലകൻ മൗറിസിയോ പോച്ചെറ്റിനോയെയാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്.