ന്യൂഡല്‍ഹി: 2022 ഖത്തർ ലോകകപ്പിനുള്ള മൂന്നാമത്തെ സ്റ്റേഡിയത്തിന്‍റെ നിർമാണവും പൂർത്തിയായി. എഡ്യൂക്കേഷന്‍ സിറ്റിയിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. നേരത്തെ 2017-ല്‍ ഖലീഫ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിന്‍റെയും 2019-ല്‍ അല്‍ ജനൂബ് സ്റ്റേഡിയത്തിന്‍റെയും നിർമാണം പൂർത്തിയായിരുന്നു.
എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഖത്തർ ഒരുക്കുന്നത്. 2002-ല്‍ ദക്ഷിണ കൊറിയയും ജപ്പാനും ചേർന്ന് ലോകകപ്പിന് ആതിഥേയത്വം വഹിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യം ഫുട്‌ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്. സ്റ്റേഡിയം നിർമാണം പൂർത്തിയായതിന്‍റെ ഭാഗമായി ജൂണ്‍ 15-ന് പ്രത്യേക പരിപാടി സംഘടിപ്പിക്കും. കൊവിഡ് 19 ഭീതിക്കിടയിലും പദ്ധതി യാഥാർത്ഥ്യമാക്കാന്‍ സഹായിച്ച ജോലിക്കാരുൾപ്പെടെ ഈ പരിപാടിയുടെ ഭാഗമാകും.