പാരീസ്: മൗറിന്യോ പൊച്ചെറ്റിനോ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരത്തില്‍ പിഎസ്‌ജിക്ക് സമനില കുരുക്ക്. സെയിന്‍റ് എറ്റിയനെതിരെ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ഇറ്റാലിയന്‍ താരം മോയിസ് കിയന്‍ പിഎസ്‌ജിക്കായി ആദ്യ പകുതിയിലെ 22ാം മിനിട്ടിലും ഇറ്റാലിയന്‍ താരം റൊമൈന്‍ അമൂമ എറ്റിയന് വേണ്ടിയും വല കുലുക്കി.
ഗോള്‍ പൊസഷന്‍റെ കാര്യത്തിലും പാസുകളുടെ കൃത്യതയുടെ കാര്യത്തിലും മുന്നില്‍ നിന്ന പിഎസ്‌ജിയുടെ മുന്നേറ്റ നിരയിലായിരുന്നു പോരായ്‌മകള്‍. 11 ഷോട്ടുകള്‍ വീതം ഇരു ടീമുകളും ഉതിര്‍ത്ത മത്സരത്തില്‍ ഒരു ഗോള്‍ മാത്രമാണ് പിഎസ്‌ജിക്ക് സ്വന്തമാക്കാനായുള്ളു.
പിഎസ്‌ജിയിലെ പോരായ്‌മകള്‍ നിഴലിച്ച മത്സരമാണ് ഇപ്പോള്‍ അവസാനിച്ചത്. മുന്നേറ്റ നിരയില്‍ നെയ്‌മര്‍ക്കും കിലിയന്‍ എംബാപ്പെക്കും ഇടക്കിടെ ഉണ്ടാകുന്ന പരിക്ക് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളാണ് പൊച്ചെറ്റിനോയെ വലക്കുന്നത്. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാകും പൊച്ചെറ്റിനോ നേരിടുന്ന ആദ്യ വെല്ലുവിളി. ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ ആരെല്ലാം ടീമിലെത്തുമെന്നും ഇനി അറിയാനുണ്ട്.
നിലവിലെ ചാമ്പ്യന്‍മാരായ പിഎസ്‌ജി ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒന്നാം സ്ഥാനത്തുള്ള ലിയോണിനേക്കാള്‍ മൂന്ന് പോയിന്‍റിന്‍റെ വ്യത്യാസമാണ് പിഎസ്‌ജിക്കുള്ളത്. പിഎസ്‌ജി ഹോം ഗ്രൗണ്ടില്‍ നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ബ്രെസ്റ്റിനെ നേരിടും. ഈ മാസം 10ന് പുലര്‍ച്ചെ 1.30നാണ് പോരാട്ടം.