ലണ്ടന്‍: ജോർജ് ഫ്ലോയിഡ് വർണവെറിക്ക് ഇരയായ സംഭവത്തില്‍ നീതി ആവശ്യപെട്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കാന്‍ ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങളെ അനുവദിക്കുമെന്ന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷന്‍. പ്രസ്താവനയിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഏത് തരത്തിലുള്ള വിവേചനത്തെയും അസോസിയേഷന്‍ എതിർക്കുന്നു. ഇത്തരം നീക്കങ്ങളെ നിയമപരമായി നേരിടും. സമൂഹത്തിലെ വേർതിരിവുകളെ ഇല്ലാതാക്കാന്‍ ഫുട്‌ബോളിന് ശക്തിയുണ്ട്. ഇത്തരം വേലിക്കെട്ടുകളെ ഇല്ലാതാക്കാനായി കാല്‍പന്ത് കളിയോടുള്ള പ്രണയത്തെ അസോസിയേഷന്‍ പ്രയോജനപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഫ്ലോയിഡ് സംഭവത്തില്‍ ഇപിഎല്ലില്‍ പ്രതിഷേധം കനത്തേക്കും - floyd news
സമൂഹത്തിലെ ഏത് തരത്തിലുള്ള വിവേചനത്തെയും എതിർക്കുമെന്ന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷന്‍
ജോർജ് ഫ്ലോയിഡ് സംഭവത്തില്‍ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇപിഎല്ലിലെ വമ്പന്‍മാരായ ലിവർപൂൾ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തിരുന്നു. മുഴുവന്‍ ലിവർപൂൾ സംഘവും ആന്‍ഫീല്‍ഡില്‍ മുട്ടുകുത്തി നില്‍ക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ട്വീറ്റ്. ലോകത്താകമാനം ഫുട്‌ബോൾ താരങ്ങൾ ജോർജ് ഫ്ലോയിഡ് സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അമേരിക്കയിലെ മിനിയപൊളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡെന്ന യുവാവിനെ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ശ്വാസം മുട്ടുന്നതായി കറുത്തവർഗക്കാരന്‍ കേണപേക്ഷിച്ചിട്ടും കാലെടുക്കാന്‍ പൊലീസുകാരന്‍ തയാറായില്ല. ഈ സംഭവത്തിലാണ് ലോകമെമ്പാടും പ്രതിഷേധം ശക്തമാകുന്നത്. ഫ്ലോയിഡിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.