മാഞ്ചസ്റ്റർ : ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തകർപ്പൻ വിജയവുമായി വോൾവ്സ്. എതിരില്ലാത്ത ഒരു ഗോളിനാണ് ചുവന്ന ചെകുത്താൻമാരെ മഞ്ഞ ചെന്നായ്‌ക്കൾ കടിച്ചുകീറിയത്. യുണൈറ്റഡിന്‍റെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ 42 വർഷങ്ങൾക്ക് ശേഷമാണ് വോൾവ്സ് വിജയം സ്വന്തമാക്കുന്നത്. 1980 ഫെബ്രുവരിയിലാണ് വോൾവ്സ് അവസാനമായി ഇവിടെ ജയിക്കുന്നത്.
തുടക്കം മുതൽ തന്നെ മത്സരത്തിൽ കൃത്യമായ മുൻതൂക്കം നേടാൻ വോൾവ്സിന് സാധിച്ചിരുന്നു. ഇരു ടീമുകളും ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്‌ടിച്ചുവെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഇതോടെ മത്സരത്തിന്‍റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ കലാശിച്ചു.
രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിനെ കളത്തിലിറക്കി യുണൈറ്റഡ് ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും ഗോൾ മാത്രം നേടാനായില്ല. ഇതിനിടെ 82-ാം മിനിട്ടിൽ വോൾവ്സ് ലക്ഷ്യം കണ്ടു. ജാവോ മൗട്ടീഞ്ഞോയാണ് തകർപ്പൻ ഷോട്ടിലൂടെ ഗോൾ നേടിയത്.
ALSO READ:ISL : ഇരട്ട ഗോളുമായി ജെറി ; മുംബൈ സിറ്റിയെ അട്ടിമറിച്ച് ഒഡിഷ എഫ്‌സി
ഇതോടെ യുണൈറ്റഡ് തകർന്നു. അവസാന നിമിഷങ്ങളിൽ ഗോൾ നേടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും എല്ലാം വിഫലമായി. ജയത്തോടെ ഒൻപതാം സ്ഥാനത്തുണ്ടായിരുന്ന വോൾവ്സ് എട്ടാം സ്ഥാനത്തേക്കെത്തി. 19 മത്സരങ്ങളിൽ നിന്ന് 28 പോയിന്‍റാണ് വോൾവ്സിനുള്ളത്. തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ ഏഴാം സ്ഥാനത്ത് തുടരുകയാണ്.