ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കരുത്തരായ ആഴ്‌സണലിനെ പരാജയപ്പെടുത്തി വോള്‍വ്‌സ്. ആഴ്‌സണലിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വോള്‍വ്‌സിന്‍റെ ജയം.
ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 27ാം മിനിട്ടില്‍ പെഡ്രോ നെറ്റോ വോള്‍വ്‌സിനായി ആദ്യ ഗോള്‍ സ്വന്തമാക്കി. 42ാം മിനിട്ടില്‍ മധ്യനിര താരം ഡാനിയേല്‍ പോഡന്‍സ് ലീഡുയര്‍ത്തി. ആദ്യ പകുതിയിലെ 30ാം മിനിട്ടില്‍ ബ്രസീലിയന്‍ പ്രതിരോധ താരം ഗബ്രിയേലാണ് ആഴ്‌സണലിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.
മത്സരത്തിനിടെ മെക്‌സിക്കന്‍ മുന്നേറ്റ താരം റൗള്‍ ജെമിനെസിന് തലക്ക് പരിക്കേറ്റത് വോള്‍വ്‌സിന്‍റെ പാളയത്തില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആദ്യപകുതിയില്‍ ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ചാണ് ജെമിനെസിന് പരിക്കേറ്റത്. ജെമിനെസ് പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്ന് ഫാബിയോ സില്‍വയാണ് പകരക്കാരനായി ഇറങ്ങിയത്. താരത്തിന്‍റെ പരിക്കുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ക്ലബ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ആഴ്‌സണലിന് എതിരായ ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ വോള്‍വ്‌സ് ആറാ സ്ഥാനത്തേക്ക് ഉയര്‍ന്നു. 10 മത്സരങ്ങളില്‍ നിന്നും അഞ്ച് ജയങ്ങളുള്ള വോള്‍വ്‌സിന് 17 പോയിന്‍റാണുള്ളത്. വോള്‍വ്‌സ് ലീഗിലെ അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ നേരിടും. ഡിസംബര്‍ ഏഴിന് പുലര്‍ച്ചെ ലിവര്‍പൂളിന്‍റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് പോരാട്ടം. ടോട്ടന്‍ഹാമാണ് ഡിസംബര്‍ ആറിന് രാത്രി 10 മണിക്ക് നടക്കുന്ന അടുത്ത മത്സത്തില്‍ ഗണ്ണേഴ്‌സിന്‍റെ എതിരാളികള്‍.