മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്‍മാരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും കൊമ്പ്കോര്‍ത്തപ്പോള്‍ ഫലം സമനില. സിറ്റിയുടെ ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ആദ്യപകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.
ഈജിപ്‌ഷ്യന്‍ മുന്നേറ്റതാരം മുഹമ്മദ് സാലയിലൂടെ ചെമ്പടയാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. സാല 13ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് സിറ്റിയുടെ വല കുലുക്കിയത്. ബോക്‌സിനുള്ളില്‍ വിങ്ങര്‍ സാദിയോ മാനെയെ വീഴ്‌ത്തിയതിനാണ് റഫറി പെനാല്‍ട്ടി അനുവദിച്ചത്.
https://www.youtube.com/watch?v=-lXkuCl1Hxo
സിറ്റിക്ക് വേണ്ടി 31ാം മിനിട്ടില്‍ ഗബ്രിയേല്‍ ജീസസ് മറുപടി ഗോളടിച്ചു. മധ്യനിര താരം കെവിന്‍ ഡി ബ്രൂണി ബോക്‌സിന് മുന്നില്‍ നിന്ന് നല്‍കിയ അസിസ്റ്റിലൂടെയാണ് സമനില ഗോള്‍ പിറന്നത്.
ലീഗിലെ മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയോട് പരാജയപ്പെട്ടു. ആഴ്‌സണലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ബുക്കായോ സാക്കയുടെ ഓണ്‍ ഗോളിലൂടെ അക്കൗണ്ട് തുറന്ന ആസ്റ്റണ്‍ വില്ല രണ്ടാം പകുതിയിലാണ് ലീഡ് മൂന്നാക്കി ഉയര്‍ത്തിയത്. ഒലി വാറ്റ്കിന്‍സ് 72ാം മിനിട്ടിലും 75ാം മിനിട്ടിലും ഗണ്ണേഴ്‌സിന്‍റെ വല ചലിപ്പിച്ചു.