ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആന്‍ഫീല്‍ഡിലേക്ക് ചെകുത്താന്‍മാര്‍ എത്തുമ്പോള്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുകയാണ്. പ്രതിരോധത്തില്‍ തുളവീണ ലിവര്‍പൂളും പൂര്‍വാധികം ശക്തിയാര്‍ജിച്ച മാന്‍ യുവും നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യമാകും. ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോഴെല്ലാം ആരാധകര്‍ യുദ്ധസമാന അന്തരീക്ഷത്തിലൂടെയാണ് കടന്ന് പോവുക.
ഇന്ന് രാത്രി 10 മണിക്കാണ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടം. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജനുവരിയില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഓള്‍ഡ് ട്രാഫോഡിലെ കരുത്തരെ ചെറുതായി കാണാന്‍ ആതിഥേയര്‍ തയ്യാറല്ല. ലിവര്‍പൂളിന്‍റെ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് പ്രീ മാച്ച് സെഷനില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. മറ്റേത് മത്സരത്തിലെയും പോലെ യുണൈറ്റഡിനെതിരെയും ജയം മാത്രമാണ് ലിവര്‍പൂള്‍ ലക്ഷ്യമിടുന്നതെന്നായിരുന്നു ക്ലോപിന്‍റെ പ്രതികരണം. സീസണ്‍ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. പരിക്കില്‍ നിന്ന് മുക്തനായെങ്കിലും മാറ്റിപ്പ് ഇന്ന് ഹോം ഗ്രൗണ്ടില്‍ കളിക്കില്ലെന്നും ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു.
ലീഗില്‍ അവസാനം നടന്ന എവേ മത്സരത്തില്‍ സതാംപ്‌റ്റണെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതിന്‍റെ ഓര്‍മകള്‍ ആന്‍ഫീല്‍ഡിലെ കരുത്തരുടെ ഉറക്കം ഇപ്പോഴും കെടുത്തുന്നുണ്ടാകാം. കിക്കോഫായി രണ്ടാം മിനിട്ടില്‍ സതാംപ്‌റ്റണ്‍ ഗോള്‍ സ്വന്തമാക്കിയ ശേഷം എവേ പോരാട്ടത്തില്‍ സമനില പിടിക്കാന്‍ പോലും സാധിക്കാത്തത് ടീമിലെ പോരായ്‌മകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കഴിഞ്ഞ സീസണില്‍ ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്‍റെ ജയം. എന്നാല്‍ ഇത്തവണ പ്രതിരോധത്തില്‍ വാന്‍ഡിക്കിന്‍റെ ഉള്‍പ്പെടെ അഭാവം ക്ലീന്‍ ഷീറ്റ് സ്വന്തമാക്കുന്ന കാര്യത്തില്‍ ചാമ്പ്യന്‍മാര്‍ക്ക് തലവേദന സൃഷ്‌ടിക്കും. പ്രതിരോധത്തിലെ മുന്‍നിര താരങ്ങളെല്ലാം പരിക്കിന്‍റെ പിടിയിലാണ്. അതേസമയം മധ്യനിരയില്‍ തിയാഗോ സില്‍വ ഫിറ്റ്നസ് വീണ്ടെടുത്തത് ക്ലോപ്പിന് തെല്ലാശ്വാസമേകും. 2017 മുതല്‍ പ്രീമിയര്‍ ലീഗില്‍ നടന്ന ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ ലിവര്‍പൂളിന് ഇതേവരെ തോല്‍വി അറിയേണ്ടി വന്നിട്ടില്ല. ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ 67 മത്സരങ്ങളില്‍ ലിവര്‍പൂളിന് അപരാജിത കുതിപ്പ് നടത്താന്‍ സാധിച്ചിട്ടുണ്ട്.
മുഹമ്മദ് സല ഉള്‍പ്പെടെ മുന്നേറ്റത്ത് തിളങ്ങിയാല്‍ ലിവര്‍പൂളിനെ തടുക്കാന്‍ സോള്‍ഷയറുടെ ശിഷ്യന്‍മാര്‍ വിയര്‍ക്കേണ്ടിവരും. നായകന്‍ ഹാരി മഗ്വയറുടെ നേതൃത്വത്തിലുള്ള യുണൈറ്റഡിന്‍റെ പ്രതിരോധത്തിന് സലയും കൂട്ടരും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുക. ഫെര്‍മിനോയും സലയും മാനെയും ചേര്‍ന്ന മുന്നേറ്റത്തെ ആന്‍ഫീല്‍ഡില്‍ തുടര്‍ന്നും പരീക്ഷിക്കാനാകും ക്ലോപ്പിന്‍റെ നീക്കം. ലിവര്‍പൂളിന് വേണ്ടി നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ താരമാണ് സല. ചെമ്പടയുടെ നായകന്‍ ഹെന്‍ഡേഴ്‌സണ്‍ പ്രതിരോധത്തിന് കരുത്തേകും. ആതിഥയേരുടെ വല കാക്കാന്‍ അലിസണ്‍ ബെക്കറും ആന്‍ഫീല്‍ഡിലുണ്ടാകും.
ലിവര്‍പൂളിന്‍റെ ഈ കുതിപ്പിന് ഇത്തവണ ഓള്‍ഡ് ട്രാഫോഡിലെ ചെകുത്താന്‍മാര്‍ വിരാമമിടുമോ എന്നാണ് ഇനി അറിയാനുള്ളത്. പരിക്കിന്‍റെ പിടിയില്‍ അമര്‍ന്ന ലിവര്‍പൂളിനെതിരെ കളിക്കുമ്പോള്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അതിനെ എങ്ങനെ ഗോളാക്കാമെന്നുമാണ് യുണൈറ്റഡ് നോട്ടമിടുക. പ്രതിരോധത്തിലെ വിള്ളലുകള്‍ മുതലെടുക്കാന്‍ സാധിച്ചാല്‍ സോള്‍ഷയറുടെ ശിഷ്യന്‍മാര്‍ക്ക് ആന്‍ഫീല്‍ഡില്‍ ജയിച്ച് കയറാന്‍ സാധിക്കും. ലീഗില്‍ ഹാട്രിക്ക് ജയം സ്വന്തമാക്കി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെകുത്താന്‍മാര്‍ ഇത്തവണ പൂര്‍ണ ആത്മവിശ്വാസത്തിലാണ്.
കഴിഞ്ഞ ദിവസം തകര്‍പ്പന്‍ ഗോള്‍ സ്വന്തമാക്കി ഫ്രഞ്ച് താരം പോള്‍ പോഗ്‌ബ ഉള്‍പ്പെടെ മികച്ച ഫോമിലേക്ക് ഉയര്‍ന്നു കഴിഞ്ഞു. ലിവര്‍പൂളിനെതിരെ കളിക്കുമ്പോള്‍ അത് യുദ്ധമാണെന്നാണ് പോഗ്‌ബെ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. യുണൈറ്റഡിന്‍റെ ഭാഗമാകുമ്പോള്‍ വലിയ മത്സരങ്ങള്‍ സാധാരണമാണ് പക്ഷേ ചെമ്പടക്കെതിരെ ആകുമ്പോള്‍ അത് യുദ്ധമാണെന്നായിരുന്നു പോഗ്‌ബെയുടെ പ്രതികരണം. സമാന വികാരമാണ് യുണൈറ്റഡിലെ മറ്റ് താരങ്ങള്‍ക്കും.
പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മാസത്തിലെ താരമായി തെരഞ്ഞെടുക്കപെട്ട പോര്‍ച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസാകും നാളെ ആന്‍ഫീല്‍ഡില്‍ യുണൈറ്റഡ് ആരാധകരുടെ ശ്രദ്ധാകേന്ദ്രം. യുണൈറ്റഡിന്‍റ തിരിച്ചുവരവില്‍ ബ്രൂണോക്ക് വലിയ പങ്കാണുള്ളത്. ഗോള്‍ അവസരങ്ങള്‍ ഒരുക്കുന്നതിലും വല കുലുക്കുന്നതിലും ബ്രൂണോ അസാമാന്യ പാടവമാണ് പുറത്തെടുക്കുന്നത്. മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളുമാണ് കഴിഞ്ഞ മാസം ബ്രൂണോ സ്വന്തമാക്കിയത്. ഇതിന് മുമ്പ് യുണൈറ്റഡിനായി നാല് 'പ്ലെയര്‍ ഓഫ് ദി മന്ത്' സ്വന്താക്കിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്താനും ബ്രൂണോക്ക് സാധിച്ചു.
മാര്‍ക്കസ് റാഷ്‌ഫോര്‍ഡും കവാനിയും മാര്‍ഷ്യലും ഉള്‍പ്പെടുന്ന മുന്നേറ്റനിര ആന്‍ഫീല്‍ഡില്‍ ജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് ആരാധകര്‍. 36 പോയിന്‍റുമായി ലീഗിലെ പോയിന്‍റ് പട്ടികയില്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ 33 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.