ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ നേര്‍ക്കുനേര്‍. ആൻഫീല്‍ഡില്‍ രാത്രി 12.30ന് നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളും, ആഴ്‌സണലും തമ്മിലാണ് പോരാട്ടം. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ പരാജയം ഏറ്റുവാങ്ങിയ ശേഷം ആദ്യമായാണ് ചെമ്പട ഗണ്ണേഴ്‌സിനോട് ഏറ്റുമുട്ടുന്നത്. നാല് ദിവസത്തെ ഇടവേളയില്‍ രണ്ട് തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും.
സീസണില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ജയിച്ച ശേഷമാണ് ചുവന്ന കുപ്പായക്കാര്‍ ഏറ്റുമുട്ടുന്നത്. മൈക്കള്‍ അട്ടേരയുടെ തന്ത്രങ്ങള്‍ ആന്‍ഫീല്‍ഡിലെ ആശാനായ യൂര്‍ഗന്‍ ക്ലോപ്പിനെ വീണ്ടും മറികടക്കുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ഗണ്ണേഴ്‌സിന്‍റെ ആരാധകര്‍. കഴിഞ്ഞ സീസണിന്‍റെ പകുതിയോടെ മാത്രം ഗണ്ണേഴ്‌സിന്‍റെ ആയുധപ്പുരയില്‍ കളി പഠിപ്പിക്കാന്‍ എത്തിയ അട്ടേര എഫ്‌എ കപ്പും കമ്മ്യൂണിറ്റി ഷീല്‍ഡും ക്ലബിന്‍റെ ഷെല്‍ഫില്‍ എത്തിച്ചാണ് സീസണ്‍ അവസാനിപ്പിച്ചത്.
കമ്മ്യൂണിറ്റി ഷീല്‍ഡില്‍ മാത്രമാണ് ആന്‍ഫീല്‍ഡിലെ ചെമ്പടക്ക് പിഴച്ചത്. ആഴ്‌സണലിന് എതിരെ നിശ്ചിത സമയത്ത് സമനില വഴങ്ങിയ ലിവര്‍പൂളിന് പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ പിഴച്ചു. ആ പരാജയത്തിന്‍റെ ക്ഷീണം മാറ്റാന്‍ കൂടിയാകും ലിവര്‍പൂള്‍ ഇന്നിറങ്ങുക. ബയേണില്‍ നിന്നെത്തിയ മധ്യനിര താരം തിയാഗോ ഉള്‍പ്പെടെ ആഴ്‌സണലിന് എതിരെ നടക്കുന്ന മത്സരത്തില്‍ ഇറങ്ങിയേക്കും.
ബ്രസീലിയന്‍ താരം വില്ലിയന്‍ ഉള്‍പ്പെടെ നിരവധി താരങ്ങളെയാണ് ഇത്തവണ ആഴ്‌സണല്‍ കൂടാരത്തില്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ആഴ്‌സണല്‍ നടത്തിയ മുന്നേറ്റം ഇത്തവണയും ഉണ്ടാകുമോ എന്നതിന്‍റെ ദൃഷ്‌ടാന്തങ്ങള്‍ ആന്‍ഫീല്‍ഡിലെ പോരാട്ടങ്ങളില്‍ കാണാമെന്ന കണക്കുകൂട്ടലിലാണ് കാല്‍പന്താരാധകര്‍.
ചൊവ്വാഴ്‌ച പുലര്‍ച്ചെ 12.30ന് പ്രീമിയര്‍ ലീഗിലാണ് ആദ്യ മത്സരം. കറബാവേ കപ്പിന്‍റെ ഭാഗമായി നടക്കുന്ന അടുത്ത പോരാട്ടത്തില്‍ ഒക്‌ടോബര്‍ രണ്ടിനാണ് അടുത്ത മത്സരം.