ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്‌സ് യുണൈറ്റഡിന്‍റെ വലനിറച്ച് മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. വിജയത്തോടെ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം സിറ്റി ഒരിക്കൽ കൂടെ ഉട്ടിയുറപ്പിച്ചു. 17 മത്സരങ്ങളിൽ നിന്ന് 41 പോയിന്‍റാണ് സിറ്റിക്കുള്ളത്.
ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിനെക്കാൾ നാല് പോയിന്‍റ് സിറ്റിക്ക് ലഭിച്ചു. ലീഗിലെ ദുർബലരായ ലീഡ്‌സിനെതിരെ മിന്നും പ്രകടനമാണ് സിറ്റി കാഴ്‌ചവെച്ചത്. ഫിൽ ഫോഡൻ(7), ജാക്ക് ഗ്രീലിഷ്(13) കെവിൻ ഡ്യുബ്രയിന(32) എന്നിവർ സിറ്റിക്ക് വേണ്ടി ആദ്യ പകുതിയിൽ ഗോളുകൾ നേടി.
രണ്ടാം പകുതിയിൽ ആദ്യ പകുതിയെക്കാൾ ശക്തിയായാണ് സിറ്റി ലീഡ്‌സിന്‍റെ ഗോൾ മുഖത്തേക്ക് ഇരച്ചുകയറിയത്. റിയാദ് മാഹ്രാസ് 49-ാം മിനിട്ടിൽ ഗോൾ നേടിയപ്പോൾ കെവിൻ ഡ്യുബ്രയിന 62-ാം മിനിട്ടിൽ തന്‍റെ രണ്ടാം ഗോൾ സ്വന്തമാക്കി. പിന്നാലെ ജോണ്‍ സ്റ്റോണ്‍സ്(74), നാഥൻ അകെയ(78) എന്നിവരും ഗോളുകൾ നേടി.