മാഞ്ചെസ്റ്റര്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നിലവിലെ ചാമ്പ്യൻമാരുടെ വിജയം. റഹീം സ്‌റ്റെര്‍ലിങ്ങാണ് സിറ്റിക്കായി വിജയ ഗോൾ നേടിയത്. വിജയത്തോടെ 16 മത്സരങ്ങളില്‍ നിന്ന് 12 വിജയവുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു.
സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആധിപത്യം സിറ്റിക്കൊപ്പമായിരുന്നുവെങ്കിലും വോള്‍വ്‌സിന്‍റെ പ്രതിരോധ നിരയുടെ കരുത്തിൽ ഒരു ഗോളിൽ ഒതുങ്ങുകയായിരുന്നു. മത്സരത്തിന്‍റെ 72 ശതമാനവും പന്ത് കൈവശം വച്ചത് സിറ്റിയാണ്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 66-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് സിറ്റി ഗോൾ നേടിയത്. പെനാൽറ്റി ബോക്‌സിനകത്തുവച്ച് വോള്‍വ്‌സിന്‍റെ മൗട്ടിന്യോയുടെ കൈയില്‍ പന്തുതട്ടിയതിനെത്തുടര്‍ന്നാണ് റഫറി പെനാൽറ്റി വിധിച്ചത്.
വാറ്റ്‌ഫോര്‍ഡിനെ തളച്ച് ബ്രെന്‍റ്ഫോര്‍ഡ്
മറ്റൊരു മത്സരത്തില്‍ ബ്രെന്‍റ്ഫോര്‍ഡ് വാറ്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്രെന്‍റ്ഫോര്‍ഡിന്‍റെ വിജയം. ആദ്യ പകുതിയിൽ വാറ്റ്‌ഫോര്‍ഡ് ഒരു ഗോൾ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ ബ്രെന്‍റ്ഫോർഡ് തിരിച്ചടിക്കുകയായിരുന്നു.
ALSO RAED:Vijay Hazare Trophy : വിഷ്‌ണു വിനോദിന് സെഞ്ച്വറി, മഹാരാഷ്‌ട്രക്കെതിരെ കേരളത്തിന് തകർപ്പൻ ജയം
24-ാം മിനിറ്റില്‍ ഇമ്മാനുവല്‍ ബോണാവെന്‍ച്വറിലൂടെ വാറ്റ്‌ഫോര്‍ഡ് മത്സരത്തില്‍ ലീഡെടുത്തു. 1-0 ന് പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം 84-ാം മിനിട്ടിൽ പോണ്‍ട്ടസ് ജാന്‍സണിലൂടെയാണ് ബ്രെന്‍റ്ഫോര്‍ഡ് സമനില ഗോൾ നേടിയത്. ഇതോടെ മത്സരം സമനിലയിലാകുമെന്ന് ഏവരും പ്രതീക്ഷിച്ചു.
എന്നാൽ ഇഞ്ച്വറി ടൈമിന്‍റെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ബ്രെന്‍റ്ഫോര്‍ഡിനെ രക്ഷപ്പെടുത്തി. കിക്കെടുത്ത ബ്രയാന്‍ എംബിയോമു പന്ത് അനായാസം വലയിലെത്തിച്ച് ടീമിന് വിജയം സമ്മാനിച്ചു. ഇതോടെ 16 മത്സരങ്ങളില്‍ നിന്ന് 20 പോയിന്‍റുമായി ബ്രെന്‍റ്ഫോര്‍ഡ് പോയന്‍റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തെത്തി.