മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗോള്‍ മഴയില്‍ മുക്കി ലിവര്‍പൂള്‍. മാഞ്ചസ്റ്ററിന്‍റെ തട്ടകമായ ഓൾഡ് ട്രാഫോർഡില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീമായ അഞ്ച് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ജയം പിടിച്ചത്. സൂപ്പർതാരം മുഹമ്മദ് സലാ ഹാട്രിക്ക് നേടിയപ്പോള്‍ നബി കെയ്റ്റ, ഡീഗോ ജോട്ട എന്നിവരും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടു.
മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ നബി കെയ്റ്റയാണ് ലിവര്‍പൂളിന്‍റെ ഗോള്‍ വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് 13ാം മിനിട്ടില്‍ ജോട്ടയും ലക്ഷ്യം കണ്ടു. 38, 45+5, 50 മിനിട്ടുകളിലാണ് സലായുടെ ഹാട്രിക് നേട്ടം. ലിവര്‍പൂളിനായി തുടര്‍ച്ചയായ പത്താം മത്സരത്തിലാണ് സലാ ഗോള്‍വല ചലിപ്പിക്കുന്നത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ആഫ്രിക്കന്‍ താരമെന്ന നേട്ടവും സലാ സ്വന്തമാക്കി.
60ാം മിനിട്ടില്‍ പോൾ പോഗ്ബ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് യുണൈറ്റഡ് മത്സരം പൂർത്തിയാക്കിയത്. കെയ്റ്റയെ അപകടകരമായി നേരിട്ടതിന് വാര്‍ പരിശോധനയിലൂടെയാണ് റഫറി പോഗ്‌ബയ്‌ക്ക് പുറത്തേക്ക് വിരല്‍ ചൂണ്ടിയത്.