ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുസംഘവും ഓരോ ഗോളുകള്‍ വീതം നേടിയാണ് തുല്യത പാലിച്ചത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.
50ാം മിനിട്ടില്‍ ജേഡൺ സാഞ്ചോയിലൂടെ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 69ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ജോർജീഞ്ഞോ ചെൽസിയെ ഒപ്പമെത്തിച്ചു.
മത്സരത്തിന്‍റെ 66 ശതമാനവും പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്തിയത് ചെല്‍സിയാണ്. ഓണ്‍ ടാര്‍ഗറ്റിലേക്ക് ആറ് ശ്രമങ്ങളാണ് സംഘം നടത്തിയത്. യുണൈറ്റഡ് രണ്ടിലൊതുങ്ങി. ചെല്‍സി 15 കോര്‍ണറുകള്‍ നേടിയപ്പോള്‍ വെറും രണ്ട് കോര്‍ണറുകള്‍ മാത്രമാണ് യുണൈറ്റഡിന് ലഭിച്ചത്.
അപരാജിതരായി സിറ്റി
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ തോൽപിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സിറ്റി ജയം പിടിച്ചത്. ഇൽകായ് ഗുൺഡോഗൻ (33ാം മിനിട്ട്) , ഫെർണാണ്ടീഞ്ഞോ (90ാം മിനിട്ട്) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്.
94ാം മിനിട്ടില്‍ മാനുവൽ ലാൻസീനിയാണ് വെസ്റ്റ് ഹാമിനായി ഗോള്‍ മടക്കിയത്. മത്സരത്തില്‍ 69 ശതമാനം പന്ത് കൈവശം വെച്ച സിറ്റി ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒമ്പത് ശ്രമങ്ങള്‍ നടത്തിയപ്പോള്‍ വെസ്‌റ്റ് ഹാം മൂന്നിലൊതുങ്ങി.
അതേസമയം ലീഗിലെ പോയിന്‍റ് പട്ടികയില്‍ ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 13 മത്സരങ്ങളില്‍ ഒമ്പത് വിജയങ്ങളുള്ള സംഘത്തിന് 30 പോയിന്‍റാണുള്ളത്. 29 പോയിന്‍റുള്ള സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. 13 മത്സരങ്ങളില്‍ അഞ്ച് വിജയം മാത്രമുള്ള യുണൈറ്റഡ് 18 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്.