സാവോ പോളോ : കോപ്പ അമേരിക്ക ഫുട്ബോളിൽ ബൊളീവിയയെ തകർത്ത് ബ്രസീലിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ ബൊളീവിയെ കീഴടക്കിയത്. ജയത്തോടെ കോപ്പ അമേരിക്കയിൽ 100 ജയങ്ങളെന്ന നേട്ടത്തിലെത്താനും കാനറിപ്പടക്ക് സാധിച്ചു.
കോപ്പ അമേരിക്കയിൽ ബ്രസീലിന് വിജയത്തുടക്കം
ഫിലിപ്പെ കുട്ടീഞ്ഞോയുടെ ഇരട്ട ഗോളാണ് കാനറികൾക്ക് അനായാസ ജയമൊരുക്കിയത്. ജയത്തോടെ കോപ്പ അമേരിക്കയിൽ 100 ജയങ്ങളെന്ന നേട്ടത്തിലെത്താനും ബ്രസീലിന് സാധിച്ചു.
വർണാഭമായ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കോപ്പക്ക് ആവേശകരമായ തുടക്കമാണ് ലഭിച്ചത്. 2007 ന് ശേഷം ആദ്യ കോപ്പ കിരീടം ലക്ഷ്യമാക്കി ഇറങ്ങിയ കാനറികൾ പ്രതീക്ഷയോടെയാണ് തുടങ്ങിയത്. പരിക്കേറ്റ് ടൂർണമെന്‍റിൽ നിന്ന് പുറത്തായ നെയ്മറിന് പകരം ഫിലിപ്പെ കുട്ടീഞ്ഞോയെയും റോബർട്ടോ ഫിർമിനോയെയും മുൻ നിരയിൽ അണിനിരത്തിയാണ് പരിശീലകൻ ടിറ്റെ തന്ത്രം മെനഞ്ഞത്. ആദ്യ പകുതിയിൽ ഇരുടീമിനും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫിനിഷിങിലെ പേരായ്മ ബ്രസീലിന് തിരിച്ചടിയാവുകയായിരുന്നു
എന്നാൽ രണ്ടാം പകുതിയിൽ തന്നെ നയം വ്യക്തമാക്കുന്ന രീതിയിലായിരുന്നു ബ്രസീലിന്‍റെ പ്രകടനം. കളിയുടെ 50-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി കുട്ടീഞ്ഞോ ആതിഥേയരെ മുന്നിലെത്തിച്ചു. അധികം വൈകാതെ 53-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി കുട്ടീഞ്ഞോ ബ്രസീലിന്‍റെ ലീഡുയർത്തി. വീണ്ടും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ മഞ്ഞപ്പടക്ക് സാധിച്ചില്ല. 85-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ എവർട്ടൺ സൊരെസ് മൂന്നാം ഗോളും നേടി മഞ്ഞപ്പടുടെ വിജയം ഉറപ്പിച്ചു. ബ്രസീലയൻ ഗോളി ആലിസണിനെ ഒന്ന് പരീക്ഷിക്കാൻ പോലും ബൊളീവിയൻ താരങ്ങൾക്ക് സാധിച്ചില്ല. കളിയിൽ ഒരു ഷോട്ട് ഓൺ ടാർഗെറ്റ് മാത്രമാണ് ബൊളീവിയക്ക് നേടാനായത്. ആദ്യ പകുതിയില്‍ ബ്രസീലിനെ ഗോളടിപ്പിക്കാതെ പിടിച്ചുനിർത്തിയത് മാത്രമാണ് ബൊളീവിയക്ക് ആശ്വസിക്കാനുള്ളത്. 19-ാം തീയ്യതി വെനസ്വേലക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം.