ഇന്ത്യൻ സൂപ്പർ ലീഗിന് പിന്നാലെ സൂപ്പർ കപ്പിലും നാണം കെട്ടതോടെ അടുത്ത സീസണില്‍ പുതിയ പരിശീലകനെ തേടി കേരള ബ്ലാസ്റ്റേഴ്സ്. ഹൾ സിറ്റി മുൻ പരിശീലകൻ ഫില്‍ ബ്രൗണുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഫില്‍ ബ്രൗൺ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായേക്കും - ഫില്‍ ബ്രൗൺ
നെലോ വിൻഗാദയ്ക്ക് പകരം ഹൾ സിറ്റി മുൻ പരിശീലകൻ ഫില്‍ ബ്രൗൺ ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനത്ത് എത്തിയേക്കും.
![ഫില്‍ ബ്രൗൺ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായേക്കും](https://etvbharatimages.akamaized.net/etvbharat/images/768-512-2712263-515-98fd225b-72fe-489b-8f0b-e2e870d7d807.jpg)
ഐഎസ്എല്ലിന്‍റെ ഈ സീസണില്‍ പൂനെ സിറ്റിയുടെ പരിശീലകനായിരുന്നു ബ്രൗൺ. സീസണിന്‍റെ തുടക്കത്തില്‍ മോശം പ്രകടനം കാഴ്ചവച്ച പൂനെ അവസാന ആറ് മത്സരങ്ങൾക്ക് മുമ്പാണ് ബ്രൗണിനെ പരിശീലകനായി നിയമിച്ചത്. അദ്ദേഹം ചുമതലയേറ്റ ശേഷം മികച്ച പ്രകടനം പുറത്തെടുക്കാനും പൂനെക്ക് കഴിഞ്ഞു. ആറ് മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങളില്‍ വിജയിച്ച പൂനെ ഒരു മത്സരത്തില്‍ തോല്‍ക്കുകയും രണ്ടെണ്ണത്തില്‍ സമനില വഴങ്ങുകയും ചെയ്തു. ആദ്യമായി ഹൾ സിറ്റിയെ പ്രീമിയർ ലീഗിലേക്ക് എത്തിച്ചതും ഫില്‍ ബ്രൗണായിരുന്നു.
നിലവില്‍ നെലോ വിൻഗാദയാണ് ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകൻ. ടീമിന്‍റെ ദയനീയ പ്രകടനത്തെ തുടർന്ന് ഡേവിഡ് ജെയിംസിന് പകരക്കാരനായി എത്തിയ വിൻഗാദയ്ക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുൻ താരം ഇഷ്ഫാഖ് അഹമ്മദിനെ സഹ പരിശീലകനായി തിരികെയെത്തിക്കാനും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. പുതിയ സിഇഒ വീരൻ ഡി സില്‍വയുടെ നേതൃത്വത്തിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ നീക്കങ്ങളെന്നാണ് സൂചന.