ബ്യൂണസ് ഐറിസ്: അടുത്ത മാസം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ട് മത്സരങ്ങൾക്കുള്ള അർജന്‍റീന ടീമിനെ പ്രഖ്യാപിച്ചു. കോപ്പ അമേരിക്ക ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട യുവന്‍റസ് താരം പൗളോ ഡിബാല രണ്ട് വർഷത്തിന് ശേഷം ദേശിയ ടീമിൽ തിരിച്ചെത്തി. യുവന്‍റസിനായി ഗംഭീര പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഡിബാലക്ക് ദേശിയ ടീമിലേക്കുള്ള വിളിയെത്തിയത്.
2019ലെ കോപ്പ അമേരിക്ക ടീമിലുണ്ടായിരുന്ന ഡിബാല 29 മത്സരങ്ങളിലാണ് ദേശീയ കുപ്പായമണിഞ്ഞിട്ടുള്ളത്. അതേസമയം പരിക്കേറ്റ സ്ട്രൈക്കർ സെർജിയോ അഗ്യൂറോയെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൗറോ ഇക്കാർഡിയും ടീമിലില്ല.
നായകൻ ലയണൽ മെസി, ലൗറ്ററോ മാർട്ടിനസ്, ഏഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ, എസേക്വിൽ പലേസിയോസ്, നിക്കോളാസ് ഓട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, എമിലിയാനോ മാർട്ടിനസ് തുടങ്ങിയവർ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
ALSO READ:നിങ്ങൾ രാജ്യത്തിന് അഭിമാനമായി മാറും; പാരാലിമ്പിക്‌സ് താരങ്ങൾക്ക് ആശംസയുമായി വിരാട് കോലി
അർജന്‍റീന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സെപ്റ്റംബർ മൂന്നിന് വെനസ്വേലയെയും അഞ്ചിന് ബ്രസീലിനെയും പത്തിന് ബൊളീവിയയെയും നേരിടും. യോഗ്യത റൗണ്ടിൽ ലാറ്റിനമേരിക്കയിൽ ആറ് മത്സരങ്ങളിൽ നിന്ന് 18 പോയിന്‍റുമായി ബ്രസീലാണ് ഒന്നാമത്. 12 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് അർജന്‍റീന.