ലണ്ടന്‍: കൊവിഡും സമ്പത്തിക പ്രതിസന്ധിയും ഒരു ജീവിതം വഴി മുട്ടിച്ചപ്പോള്‍ മാലാഖയായി കാല്‍പന്ത് കളിക്കാരന്‍ അവതരിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലബായ ആഴ്‌സണലിലാണ് സംഭവം. ജര്‍മന്‍ മധ്യനിര താരം മെസ്യൂട്ട് ഓസില്‍ ക്ലബ് ജീവനക്കാരന് സ്വന്തം ചെലവില്‍ വേതനം നല്‍കി വാര്‍ത്തകളില്‍ ഇടം നേടി.
കാരുണ്യത്തിന്‍റെ കഥപറഞ്ഞ് ഓസില്‍; ജെറി എമിറേറ്റ്സില്‍ തുടരും
1993 മുതല്‍ ഗണ്ണര്‍സോറസെന്ന ആഴ്‌സണലിന്‍റെ ഭാഗ്യചിന്നം എമിറേറ്റ്സ് സ്റ്റേഡിയത്തിന്‍റെ ഭാഗമാണ്
ആഴ്‌സണലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഭാഗ്യചിന്നത്തെ അവതരിപ്പിച്ച ജീവനക്കാരന് കൊവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്‌ടമായതോടെയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. തൊഴില്‍ നഷ്‌ടമായെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെയാണ് ഓസില്‍ ശമ്പളം നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നത്. ഫുട്‌ബോള്‍ ആരാധകരാല്‍ നിറഞ്ഞ ഗണ്ണേഴ്‌സിന്‍റെ ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ ജെറി എന്ന വിളിപ്പേരുള്ള ഗണ്ണര്‍സോറസെന്ന ഈ പാവമനുഷ്യന്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സ്റ്റേഡിയം ശൂന്യമായതോടെയാണ് ഗണ്ണര്‍സോറസിന്‍റെ സേവനം അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമനിച്ചത്. ഇതോടെ ജീവനക്കാരന് ശമ്പളവും നഷ്‌ടമായി.
ഒരുകാലത്ത് ജര്‍മന്‍ ആരാധകരില്‍ നിന്നും വിവേചനം നേരിടേണ്ടി വന്നതിനാല്‍ ദേശീയ ടീം വിടേണ്ടിവന്ന ഓസിലിന് ആ ജീവനക്കാരന്‍റെ ഒറ്റപ്പെടല്‍ മനസിലാക്കാനും സഹായിക്കാനും അധികം ആലോചിക്കേണ്ടി വന്നിട്ടുണ്ടാകില്ല. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആരവങ്ങളുയരുന്നത് വരെ ഗണ്ണര്‍സോറസിനെ കാണികള്‍ക്ക് മുന്നില്‍ എത്തിച്ച ജീവനക്കാരന് ഓസില്‍ ആശ്വാസം പകരും.