മാഡ്രിഡ്: സ്‌പാനഷ് സൂപ്പര്‍ കപ്പില്‍ കറുത്ത കുതിരകളായി അത്‌ലറ്റിക് ബില്‍ബാവോ കലാശപ്പോരിന് യോഗ്യത നേടി. ഇന്ന് നടന്ന റയല്‍ മാഡ്രിഡിനെതിരായ സെമി പോരാട്ടത്തില്‍ അട്ടിമറി ജയം സ്വന്തമാക്കിയാണ് അത്‌ലറ്റിക് ബില്‍ബാവോയുടെ ഫൈനല്‍ പ്രവേശനം. മാര്‍സലിനോയുടെ ശിഷ്യന്‍മാര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിനെ പരാജയപ്പെടുത്തിയത്.
സ്‌പാനിഷ് മിഡ്‌ഫീല്‍ഡര്‍ റൗള്‍ ഗാര്‍ഷ്യയുടെ ഇരട്ട ഗോളിന്‍റെ കരുത്തിലായിരുന്നു ജയം. ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും. ഡാനി ഗാര്‍ഷ്യയുടെ അസിസ്റ്റില്‍ 18ാം മിനിട്ടില്‍ റൗള്‍ ആദ്യം വല കുലുക്കി. പെനാല്‍ട്ടിയിലൂടെ 38ാം മിനിട്ടില്‍ റൗള്‍ വീണ്ടും വല കുലുക്കി. ബോക്‌സിനുള്ളില്‍ വെച്ച് റയലിന്‍റെ ഡിഫന്‍ഡര്‍ ലൂക്കാസ് വാല്‍ക്കിസിന്‍റെ ഫൗളിനെ തുടര്‍ന്നായിരുന്നു പെനാല്‍ട്ടി.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ സിനദന്‍ സിദാന്‍റെ ശിഷ്യന്‍മാര്‍ പൊരുതി കളിച്ചു. അതിന് ഫലവുമുണ്ടായി. 73ാം മിനിട്ടില്‍ മുന്നേറ്റ താരം കരീം ബെന്‍സേമ റയലിനായി ആദ്യ ഗോള്‍ സ്വന്തമാക്കി. എന്നാല്‍ നിശ്ചിത സമയത്തും അധിക സമയത്തും പൊരുതി കളിച്ച റയലിന് സമനില ഗോള്‍ സ്വന്തമാക്കാനായില്ല.
പന്തടക്കത്തിന്‍റെ കാര്യത്തിലും ഷോട്ടുകളുടെ കാര്യത്തിലും റയല്‍ മുന്നില്‍ നിന്ന സെമി പോരാട്ടത്തില്‍ റൗളിന്‍റെ മികവിലാണ് മാര്‍സെലിനോയുടെ ശിഷ്യന്‍മാര്‍ ജയിച്ച് കയറിയത്. റയല്‍ 21 ഷോട്ടുകള്‍ തൊടുത്തപ്പോള്‍ അത്‌ലറ്റികിന്‍റെ പേരില്‍ എട്ട് ഷോട്ടുകള്‍ മാത്രമാണുണ്ടിരുന്നുള്ളൂ.
ഈ മാസം 18ന് നടക്കുന്ന കലാശപ്പോരാണ് അത്‌ലറ്റിക്ക് ബില്‍ബാവോയുടെ അടുത്ത കടമ്പ. ഫൈനല്‍ പോരാട്ടത്തില്‍ ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള ബാഴ്‌സലോണയാണ് എതിരാളികള്‍. മത്സരം പുലര്‍ച്ചെ 1.30നാണ്. ഇന്നലെ നടന്ന മറ്റൊരു സെമി പോരാട്ടത്തില്‍ റയല്‍ സോസിഡാസിനെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തിയാണ് ബാഴ്‌സ ഫൈനല്‍ യോഗ്യത സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തുമായി ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്വന്തമാക്കിയതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്.